കൊച്ചി: പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സമാഹരിച്ച 3 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി.സുനിൽ, ട്രസ്റ്റി ബോണി തോമസ് എന്നിവർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിഹിതനായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള 40 ൽപരം കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ ലേലത്തിനായി ബിനാലെ ഫൗണ്ടേഷന് കൈമാറിയിരുന്നു. ആർട്ട് റൈസസ് ഫോർ കേരള എന്നു പേരിട്ട ഈ ഉദ്യമം മുംബയിലെ പ്രമുഖ ലേല സ്ഥാപനമായ സാഫ്രൺ ആർട്ടുമായി സഹകരിച്ചാണ് നടത്തിയത്.
കലാകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉയർന്ന ദൃഷ്ടാന്തമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിനാലെ നാലാം ലക്കത്തിൽ കൊച്ചിയിലാണ് കലാസൃഷ്ടികളുടെ ലേലം നടത്തിയത്.