teacher-wrote-higher-seco

കൊച്ചി : ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മോഡറേഷൻ നൽകുന്നതു നിറുത്തണമെന്നതടക്കം കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നാലു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

കേരള ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ പേരിൽ 40 ശതമാനം മാർക്ക് അധികമായി നൽകുന്നുണ്ടെന്നും മറ്റു സിലബസുകളിലെ വിദ്യാർത്ഥികളോടുള്ള വിവേചനമാണിതെന്നും ആരോപിച്ച് പ്ളസ് വൺ വിദ്യാർത്ഥികളായ പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശിനി ആർ. നന്ദൻ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

സി.ബി.എസ്.ഇ, ഐ.എസ്.സി (ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) തുടങ്ങിയ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ മാർക്കു ലഭിക്കാൻ എഴുത്തു പരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ കേരള സിലബസിലെ പ്ളസ് ടു വിദ്യാർത്ഥികൾ 60 ശതമാനം മാർക്കിനു വേണ്ടിയാണ് പരീക്ഷയെ ആശ്രയിക്കുന്നതെന്നും 40 ശതമാനം മാർക്ക് മറ്റു തരത്തിൽ ലഭിക്കുന്നെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2012 മുതൽ പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും 50 ശതമാനം വീതം മാർക്കുകൾ പരിഗണിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. കേരള സിലബസിലുള്ളവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യത ഇതോടെ വർദ്ധിച്ചു. ഇതു പരിഹരിക്കാൻ കേന്ദ്ര സർക്കാർ 2017 ൽ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനങ്ങലെടുത്തിരുന്നു. ഇതു പാലിക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. നേരത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം നൽകിയ നിവേദനത്തിൽ, മാർക്ക് ദാനത്തെക്കുറിച്ച് വ്യക്തമായി പറയാതെ സർക്കാർ ഒരുത്തരവിറക്കിയെന്നും ഹർജിക്കാർ ആരോപിച്ചു.

മോഡറേഷനും ഗ്രേസ് മാർക്കും അവസാനിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാരിന്റെ നയതീരുമാനം വേണമെന്നും ഇതിനായി പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2018 മേയ് അഞ്ചിന് എസ്.സി.ആർ.ടിയെ ഏൽപിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി സത്യവാങ്മൂലം നൽകി. ഇക്കാര്യത്തിൽ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ച സിംഗിൾബെഞ്ച് ,കേന്ദ്ര യോഗത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

 യോഗ തീരുമാനങ്ങൾ :

1. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മോഡറേഷൻ നൽകുന്നതു നിറുത്താൻ സംസ്ഥാനങ്ങൾ തീരുമാനിച്ചു. കേരളത്തിൽ 2018 മുതൽ മോഡറേഷൻ ഒഴിവാക്കുമെന്ന് അറിയിച്ചു.

2. പഠനമികവു കുറഞ്ഞ വിഭാഗത്തിലെ കുട്ടികളുടെ വിജയശതമാനം കൂട്ടാൻ ഗ്രേസ് മാർക്ക് തുടരും. മാനദണ്ഡങ്ങളും മാർക്കും ഹയർ സെക്കൻഡറി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മാർക്ക് ഷീറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം നൽകും.

3. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു കാട്ടുന്നവരുടെ ഗ്രേഡ് പ്രത്യേകമായി മാർക്ക് ഷീറ്റിൽ സൂചിപ്പിക്കും.

4. പ്ളസ് ടു വരെയുള്ള ക്ളാസുകളിലെ പ്രധാന വിഷയങ്ങളിൽ സമാന പാഠ്യപദ്ധതി തുടരാം

5. സംസ്ഥാന ബോർഡുകൾക്ക് എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങൾ ഉപയോഗിക്കാം. എൻ.സി.ഇ.ആർ.ടിയുടെ അനുമതിയോടെ ഇവ മൊഴിമാറ്റം നടത്തിയും ഉപയോഗിക്കാം.

6. പരീക്ഷയ്ക്ക് സംസ്ഥാന ബോർഡുകൾക്ക് സി.ബി.എസ്.ഇ ചോദ്യപേപ്പറുകൾ ആവശ്യപ്പെടാം.