തൃക്കാക്കര: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് തൃക്കാക്കരയിൽ കോൺഗ്രസ് പ്രവർത്തകർ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി.ജനറൽ സെക്രട്ടറി പി.കെ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷാജിവാഴക്കാല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി, ടി.എം.അബ്ദുൾ കരീം, സി.കെ.മുഹമ്മദാലി, ഷാജി പ്ലാശേരി, ടി.ടി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വെണ്ണല വൈദ്യുതി ഓഫീസിനു മുമ്പിൽ എ.ഐ.യു.ഡബ്ളിയു.സിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ പ്രസിഡന്റ് അഡ്വ. സേവ്യർ ഉദ്ഘാടനം ചെയ്തു. എം.എം. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് പല്ലച്ചി, അബ്ദുൾ ജലീൽ, എം.കെ. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.