കൊച്ചി: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ എറണാകുളം- ചെന്നൈ, എറണാകുളം - വേളാങ്കണ്ണി പാതയിൽ പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ. എറണാകുളം ജംഗ്ഷൻ (സൗത്ത് ) ചെന്നൈ സെൻട്രൽ പ്രത്യേക പ്രതിവാര എക്‌സ്‌പ്രസ് (06038) ജൂലായ് 14, 21, 28 ഞായറാഴ്ചകളിൽ വൈകിട്ട് ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20 ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ സെൻട്രൽ- എറണാകുളം ജംഗ്ഷൻ പ്രത്യേക പ്രതിവാര ട്രെയിൻ (06037) ജൂലൈ 12, 19, 26 വെള്ളിയാഴ്ച്ചകളിൽ രാത്രി 8.10ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.45ന് എറണാകുളത്തെത്തും. 12 സ്ലീപ്പർ ക്ലാസും നാല് എ.സി കോച്ചുകളുമുള്ള ട്രെയിനിൽ ജനറൽ കോച്ചുകളുണ്ടാവില്ല. പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ പൊതു സ്റ്റോപ്പുകൾ. ചെന്നൈ സെൻട്രൽ-എറണാകുളം ജംഗ്ഷൻ (06037) സർവീസിന് എറണാകുളം ടൗണിലും (നോർത്ത്) സ്റ്റോപ്പുണ്ടാവും.
നിലവിൽ പ്രത്യേക സർവീസ് നടത്തുന്ന എറണാകുളം-വേളാങ്കണ്ണി ട്രെയിനുകൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും സർവീസ് തുടരും. ആഗസ്റ്റ് 3, 10,17, 24, 31, സെപ്തംബർ 7,14, 21, 28 തിയതികളിൽ (എല്ലാ ശനിയാഴ്ചകളിലും) രാവിലെ 11ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06015) പിറ്റേന്ന് രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. എല്ലാ ഞായറാഴ്ചകളിലുമാണ് എറണാകുളത്തേക്കുള്ള മടക്ക സർവീസ്. ആഗസ്റ്റ് 4, 11, 18, 25, സെപ്തംബർ 1, 8, 15, 22, 29 തീയതികളിൽ വൈകിട്ട് 6.15ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06016) പിറ്റേന്ന് ഉച്ചക്ക് രണ്ടിന് എറണാകുളം ജംഗ്ഷനിലെത്തും. മൂന്നു എ.സി കോച്ചുകൾക്കും ഏഴ് സ്ലീപ്പർ കോച്ചുകൾക്കും പുറമെ രണ്ടു ജനറൽ ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ടാവും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.