പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് അംഗങ്ങളുടെ ബഹളം മൂലം മാറ്റിവച്ചു. ഇന്നലെ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രസിഡന്റായിരുന്ന സി.കെ. അബ്ദുള്ളയുടെ പേര് ഒരു വിഭാഗം നിർദ്ദേശിച്ചപ്പോൾ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം രംഗത്തെത്തിയത് വാക്കേറ്റത്തിലേക്കും തുടർന്ന് ബഹളം വയ്ക്കലിലും കലാശിച്ചു. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതായും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസം നടത്താൻ തീരുമാനിച്ചതായി ജില്ലാ നേതാക്കൾ അറിയിച്ചു.