കൊച്ചി : കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എൽ.പി സ്‌കൂളുകളിൽ അഞ്ചാം ക്ളാസും യു.പി സ്‌കൂളുകളിൽ എട്ടാം ക്ളാസും അനുവദിക്കാനുള്ള അപേക്ഷ നിരസിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി.

പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിക്കാനുള്ള കേന്ദ്രനിയമം നടപ്പാക്കിയ സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടത്തിനും നിയമത്തിനും പ്രസക്തി കുറഞ്ഞതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അപേക്ഷകളിൽ സർക്കാർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കല്ലട എസ്.എസ്. വി.യു.പി. സ്കൂൾ മാനേജർ ഉൾപ്പെടെ നൽകിയ 83 അപ്പീലുകളിലാണ് ഫുൾ ബെഞ്ചിന്റെ നിരീക്ഷണം. നേരത്തെ ഡിവിഷൻ ബെഞ്ച് ഈ അപ്പീലുകൾ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. ഫുൾ ബെഞ്ചിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അപ്പീലുകൾ ഡിവിഷൻബെഞ്ച് തീർപ്പാക്കണം കേന്ദ്ര നിയമ പ്രകാരം ഒന്ന് മുതൽ 5 വരെ ക്ലാസുകൾ ലോവർ പ്രൈമറിയിലും 6,7,8 ക്ലാസുകൾ അപ്പർ പ്രൈമറിയിലുമാണ്. സംസ്ഥാനത്ത് ഒന്ന് മുതൽ 4 വരെ ക്ലാസ് എൽ.പിയും 5 മുതൽ 7 വരെ യു.പിയും 8 മുതൽ .10 വരെ ഹൈസ്‌കൂളുമാണ്. കേന്ദ്ര നിയമ പ്രകാരം ഇത് പുനഃക്രമീകരിക്കേണ്ടിവരും.

രണ്ട് ഡിവിഷൻ ബെഞ്ചുകളുടെ

മുൻ ഉത്തരവുകൾ അസാധു

കേന്ദ്ര നിയമപ്രകാരം പ്രൈമറി സ്‌കൂളുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള അപേക്ഷകളിൽ സർക്കാർ നേരത്തേയും അനുമതി നിഷേധിച്ചിരുന്നു. ഇത്തരം സ്കൂളുകളിൽ അഞ്ചാം ക്ളാസും എട്ടാം ക്ളാസും അനുവദിക്കുന്നതിന് പകരം പഠനസൗകര്യമുള്ള മറ്റു സ്കൂളിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിയാൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഈ നിലപാട് 2014ലും 2017ലും രണ്ട് ഡിവിഷൻ ബെഞ്ചുകൾ ശരിവച്ചിരുന്നു. 2017 ജൂൺ 9ന് സർക്കാർ ഇതിന്റെ ഉത്തരവും ഇറക്കി. ഈ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ മൂന്നാമത്തെ ഡിവിഷൻ ബെഞ്ച് , രണ്ട് മുൻ ഡിവിഷൻ ബെഞ്ചുകളുടെയും വിധികൾക്ക് വിരുദ്ധമായ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കിയ ശേഷം 2019 മാർച്ച് 22ന് ഫുൾബെഞ്ചിന് വിടുകയായിരുന്നു.

കുട്ടികളുടെ ഭാവി

അമ്മാനമാടാനാവില്ല

ഒന്നു മുതൽ എട്ടുവരെ ക്ളാസുകളുള്ള സ്കൂളുകളാക്കി പെട്ടെന്ന് മാറ്റുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇൗ ബാദ്ധ്യതയിൽ തുല്യ ഉത്തരവാദിത്വമുണ്ടെന്നും കുട്ടികളുടെ ഭാവി ഇതിന്റെ പേരിൽ അമ്മാനമാടാനാവില്ലെന്നും ഫുൾ ബെഞ്ച് നിരീക്ഷിച്ചു.