കൊച്ചി: ഫോർട്ട് കൊച്ചി തുരുത്തി കോളനിയിലെ നിവാസികൾക്ക് പട്ടയം നൽകുന്ന കാര്യം വിശദമായി പരിശോധിക്കാമെന്ന് മേയർ സൗമിനി ജെയിൻ ഉറപ്പുനൽകി. 65 വർഷമായി ഇവിടെ താമസിക്കുന്ന 64 വീട്ടുകാർക്ക് പട്ടയം അനുവദിച്ചു നൽകുന്നതു സംബന്ധിച്ച ഫയൽ പരിശോധിച്ച് 17ന് നടക്കുന്ന അടിയന്തര കൗൺസിലിൽ മറുപടി നൽകാമെന്ന് മേയർ ബുധനാഴ്ച നടന്ന കൗൺസിലിനെ അറിയിച്ചു.
പട്ടയത്തിന് കോളനിക്കാർ അർഹരാണെന്ന് സർക്കാരും കളക്ടറും പറഞ്ഞിട്ടും ഫയൽ മനപ്പൂർവ്വം താമസിപ്പിക്കുകയാണെന്ന് കെ.ജെ.ആന്റണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വന്നാൽ പട്ടയം അനുവദിക്കുന്നത് വീണ്ടും നീണ്ടു പോകുമെന്നും അത് തുരുത്തി നിവാസികൾക്ക് താങ്ങാനാകില്ലെന്നും കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസും സീനത്തും ചൂണ്ടിക്കാട്ടി. 2015ൽ മേയർ ടോണി ചമ്മണി മുൻകൂർ അനുമതി നൽകിയതാണെന്നും ബെനഡിക്ട് പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ പട്ടയം അനുവദിക്കാൻ സാധിക്കില്ലെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി എം ഹാരിസിന്റെ മറുപടിയിൽ ക്ഷുഭിതരായ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ ബഹളം വെച്ചു. ഇതോടെ മേയർ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെയും പ്രതിപക്ഷ നേതാവിനെയും ഡിവിഷൻ കൗൺസിലർമാരെയും യോഗത്തിനായി വിളിച്ചു. മേയറുടെ ഓഫീസിൽ ചേർന്ന പ്രതിനിധികളുടെ യോഗത്തിലാണ് ഫയൽ വിശദമായി പരിശോധിക്കാനും കൂടുതൽ അംഗങ്ങൾ എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്ന് കണ്ടു പിടിക്കാനും തീരുമാനമായത്. ഫയൽ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ച ശേഷം 17ന് നടക്കുന്ന അടിയന്തിര കൗൺസിലിൽ വിഷയം അജണ്ടയിൽ പരിഗണിക്കാമെന്ന് മേയർ അറിയിച്ചു.
വിഷയം കൗൺസിലിൽ അവതരിപ്പിക്കുമ്പോൾ തുരുത്തി കോളനി നിവാസികൾ കൗൺസിലിൽ എത്തിയിരുന്നു. സംഘർഷത്തിന് സാദ്ധ്യതയുണ്ടെന്ന് വിവരം ലഭിച്ചതോടെ അസിസ്റ്റൻഡ് പൊലീസ് കമ്മീഷണർ കെ .ലാൽജിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും കോർപ്പറേഷൻ ഓഫീസിലെത്തി.