കൊച്ചി: ഫോർട്ടുകൊച്ചി വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ റോയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെ.എസ്.ഐ.എൻ.സി ( കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) യുമായുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സഹായം തേടാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. എഗ്രിമെന്റ് സംബന്ധിച്ച് കഴിഞ്ഞ കൗൺസിൽ യോഗം എടുത്ത പല കാര്യങ്ങളോടും ഏജൻസി വിയോജിപ്പ് പ്രകടിപ്പിച്ചതായി മേയർ പറഞ്ഞു. ബോട്ട് സർവ്വീസ് നഷ്ടത്തിലായതിനാൽ റോ റോയുടെ ലാഭത്തിൽ നിന്ന് അത് കിഴിക്കണമെന്നാണ് കെ.എസ്.ഐ.എൻ.സി യുടെ മറ്റൊരു ആവശ്യം. അടുത്ത കൗൺസിലിൽ ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് മേയർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണിയാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. രണ്ടു റോ റോയും ഓടാത്തതിൽ ഭരണപക്ഷ കൗൺസിലർമാരും പ്രതിഷേധം അറിയിച്ചു. . പല പ്രാവശ്യം റോ റോയുടെ കണക്കുകൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് കെ ജെ ആന്റണി പറഞ്ഞു. നടത്തിപ്പുകാരുമായി ഇതുവരെ കരാർ ഒപ്പിടാത്തതിനാൽ അവർ തോന്നിയപോലെയാണ് സർവീസ് നടത്തുന്നത്. യാതൊരു കണക്കും ഇല്ല. ലാഭമാണോ നഷ്ടമാണോ എന്നൊന്നും അതിനാൽ കോർപ്പറേഷന് അറിയില്ല. ഒന്നര വർഷമായിട്ടും കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇപ്പോഴും ധാരണാ പത്രം മാത്രമാണ് നിലവിൽ ഉള്ളത്. ബോട്ട് ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ ഫോർട്ട്‌കൊച്ചി വൈപ്പിൻ നിവാസികൾ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും അദ്ദേഹംപറഞ്ഞു
പനമ്പള്ളി നഗറിലെവ്യാപാരം
അന്വേഷിക്കും
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനും ലൈസൻസുകൾ പരിശോധിക്കുന്നതിനും ആരോഗ്യ സ്ഥിരം സമിതിയെ മേയർ ചുമതലപ്പെടുത്തി. റസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടങ്ങൾ അനധികൃതമായി വ്യാപാര സ്ഥാപനങ്ങൾ ആക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം എൻജിനിയറിംഗ് വിഭാഗത്തെ ഏല്പിച്ചു.
പനമ്പള്ളി നഗർ മിക്‌സഡ് സോണായി പ്രഖ്യാപിച്ചെങ്കിലും കോർപ്പറേഷൻ ഇതുവരെ വ്യക്തമായ തീരുമാനം എടുക്കാത്തത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഭരണപക്ഷ കൗൺസിലർമാരായ ആന്റണി പൈനൂത്തറയും പി ഡി മാർട്ടിനും പറഞ്ഞു.
കരാറിലുണ്ടെങ്കിലും വിയോജിപ്പ്
ലാഭം കിട്ടിയ 27 ലക്ഷം രൂപ കോർപ്പറേഷനുമായി പങ്കുവയ്ക്കില്ല
ജോയിന്റ് അക്കൗണ്ട് നടപ്പാക്കാനാവില്ല
റോ റോ മുടങ്ങിയാൽ 7500 രൂപ പിഴ സ്വീകാര്യമല്ല