കൊച്ചി : വെടിയുണ്ടകളുമായി നെടുമ്പാശേരി എയർപോർട്ടിൽ അറസ്റ്റിലായ അമേരിക്കൻ പൗരൻ കാസേ പോൾ പെരസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 35,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. എറണാകുളം ജില്ല വിട്ടുപോകരുത്, താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നിവയാണ് മറ്റു വ്യവസ്ഥകൾ.
ജൂൺ 24 ന് വൈകിട്ട് 6.40 ന് നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയ പെരസിന്റെ ബാഗിൽ നിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. തുടർന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഇയാളെ നെടുമ്പാശേരി പൊലീസിനു കൈമാറി. തുടർന്ന് റിമാൻഡിലാണ്. കാക്കനാട് ഇൻഫോ പാർക്കിലെ ഒരു സ്ഥാപനത്തിൽ തൊഴിൽ പരിശീലനം നൽകാൻ എത്തിയതാണെന്നും ഒരുവർഷം ഇന്ത്യയിൽ താമസിക്കാനുള്ള അനുമതിയുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വെടിയുണ്ട കൈവശം വെക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു.