കൊച്ചി: കഴിഞ്ഞ മാസം 9ന് പാലക്കാട് തണ്ണിശേരിയിൽ ആംബുലൻസ് മീൻലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കുകളോടെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്ന ബാലൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വെട്ടിക്കാട്ടിരി ആറ്റൂർ മന്തിയിൽ വീട്ടിൽ യൂസഫിന്റെ മകൻ മുഹമ്മദ് ഷാഫിയാണ് (13) മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. നെല്ലിയാമ്പതിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ മുഹമ്മദ് ഷാഫി ഉൾപ്പെടെ അഞ്ചുപേരെയും വഹിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വിഷം കഴിച്ച മറ്റൊരാളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിലാണ് കാർ അപകടത്തിൽപ്പെട്ട അഞ്ചുപേരെയും കയറ്റിയത്. ആംബുലൻസിലുണ്ടായിരുന്നവരിൽ മുഹമ്മദ് ഷാഫിയൊഴികെയുള്ള 8 പേരും മരിച്ചിരുന്നു.
അപകടത്തിൽ ഷാഫിക്ക് തലയ്ക്കും കരളിനും വൃക്കകൾക്കും ഇടുപ്പെല്ലിനും മാരകമായി പരിക്കേറ്റു. പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയെ സ്ഥിതി അതീവഗുരുതരമായതിനെ തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആസ്റ്റർ മെഡ്‌സിറ്റിയിൽ ഷാഫിയെ കരൾ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വൃക്കകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡയാലിസിസിനും വിധേയമാക്കി.
ആശുപത്രിയിൽ എത്തിച്ചിരുന്ന അവസ്ഥയിൽ ഷാഫി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ലെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. എന്നാൽ ശസ്ത്രക്രിയകൾ വിജയകരമാകുകയും മരുന്നുകളോട് രോഗി വേഗം പ്രതികരിക്കുകയും ചെയ്തതിനാലാണ് ജീവിതത്തിലേക്കുള്ള വീണ്ടെടുപ്പ് സാദ്ധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്നുണ്ടായ മാനസിക ആഘാതത്തിൽ നിന്നും രോഗി സുഖം പ്രാപിച്ചു വരികയാണ്. ആശുപത്രി വിട്ട ഷാഫിക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നും ഡോക്ടർ പറഞ്ഞു.