കൊച്ചി: കഴിഞ്ഞ വർഷം പ്രളയം കൊണ്ടുപോയ കർഷകരുടെ സ്വപ്നത്തിന് ഇത്തവണ വില്ലൻ പെയ്യാതെ നിൽക്കുന്ന മഴയാണ്. ജൂണിൽ ആരംഭിക്കേണ്ട വിരിപ്പ് കൃഷിയ്ക്ക് പൂർണമായി തുടക്കമിടാൻ ജില്ലയിൽ ഇതുവരെ കഴിഞ്ഞിട്ടില്ല.
പകുതിയോളം വയലുകളിലേ ഇതുവരെ കൃഷി ആരംഭിക്കാനായിട്ടുള്ളൂ. ഇനി പെയ്യാനിരിക്കുന്ന മഴയിലാണ് കർഷകരുടെ മുഴുവൻ പ്രതീക്ഷയും.
കൃത്യസമയത്ത് ആരംഭിച്ച പൊക്കാളികൃഷിയിൽ പകുതിയോളം കരിഞ്ഞുപോയതും കർഷകർക്ക് തിരിച്ചടിയായി. പ്രളയത്തിൽ 400 ഹെക്ടറിലേറെ കൃഷി നശിച്ചെങ്കിലും ബാക്കിയായവ കർഷകർക്ക് നൽകിയത് നല്ല വിളവായിരുന്നു.
ജൂൺ, ജൂലായ് മാസത്തിൽ ആദ്യമായാണ് ഇത്തരം ഒരു അവസ്ഥ വരുന്നതെന്ന് കാർഷിക രംഗത്തെ വിദഗ്ദ്ധർ പറയുന്നു. 15 ദിവസം നീളുന്ന ഞാറ്റുവേലയാണ് കൃഷി ആരംഭിക്കാൻ കൃത്യസമയമായി പഴമക്കാർ കരുതിയിരുന്നത്. ഒടിച്ചുകുത്തിയാൽ പോലും കിളിർക്കുമെന്ന് ആളുകൾ വിശ്വസിച്ചിരുന്ന ഞാറ്റുവേലയിൽ ഇത്തവണ മഴയും വെയിലും ഒരുപോലെ കിട്ടിയത് ഒറ്റദിവസം.! ബാക്കി ദിവസങ്ങളെല്ലാം വേനലിനെ തോൽപ്പിക്കുന്ന വെയിൽ മാത്രം.
കൊയ്ത്തുത്സവം
ഇല്ലാതായി
കേരളത്തിലെ കർഷകരുടെ കൊയ്ത്തുത്സവം ആരംഭിക്കുന്നത് വിരിപ്പ് കൃഷിയെ അടിസ്ഥാനമാക്കിയാണ്. വിത്തിട്ടാൽ 110- 120 ദിവസങ്ങൾക്കുള്ളിലാണ് വിളവെടുപ്പ്. ഓണ സദ്യയിലെ പുത്തരിച്ചോറ് വിരിപ്പ്കൃഷിയിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്. കർഷകരുടെ ഒന്നാംവിളയാണിത്. മുണ്ടകൻ രണ്ടാംവിളയും പുഞ്ച മൂന്നാംവിളയുമാണ്. പച്ചക്കറിയുടെ സീസൺ ആരംഭിക്കാത്തതിനാൽ മഴയുടെ കുറവ് പച്ചക്കറി കൃഷിയെ നിലവിൽ ബാധിച്ചിട്ടില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും കൃഷിക്കാരുടെ നിലപാട് വ്യത്യസ്തമാണ്. ഓണവിപണി ലക്ഷ്യമിട്ട് പല പച്ചക്കറികളുടെയും കൃഷി ആരംഭിക്കേണ്ടിയിരുന്ന സമയമാണിതെന്ന് കർഷകർ പറയുന്നു.
വിരിപ്പുകൃഷി ജില്ലയിൽ
ചെയ്യേണ്ടത് - 1159 ഹെക്ടർ
തുടക്കമിട്ടത് - 626 ഹെക്ടർ
പൊക്കാളികൃഷി
ചെയ്യേണ്ടത് - 626 ഹെക്ടർ
തുടക്കമിട്ടത് - 255 ഹെക്ടർ
കരിഞ്ഞുപോയത് - 110 ഹെക്ടർ
" മഴ കനത്താൽ ബാക്കിയുള്ള ഇടങ്ങളിലൂടെ കൃഷി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഓണസമയത്തേക്ക് ആവശ്യമായ നെല്ല് പതിവ് പോലെ കിട്ടും. അടുത്ത കാലത്തൊന്നും ഇതുപോലെ മഴയില്ലാതിരുന്നിട്ടില്ല."
സജി വർഗീസ്
ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ കൃഷിഭവൻ