അങ്കമാലി: കോഴി വാങ്ങാനെന്ന വ്യാജേന കാറിലെത്തിയ സംഘം കോഴി വിൽപ്പന
സ്ഥാപനത്തിലെ യുവാവിന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോണുമായി കടന്നു.അങ്കമാലി
വേങ്ങൂർ സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന കോഴി കടയിലെ
ജീവനക്കാരനായ ആസാം സ്വദേശി ഫറൂഖ് അഹമ്മദിന്റെ 13,500 രൂപ വില വരുന്ന
മൊബൈൽ ഫോണാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്.ബുധനാഴ്ച രാവിലെ
പത്തോടെയായിരുന്നു സംഭവം.എം.സി.റോഡരികിലാണ് കോഴിക്കട
പ്രവർത്തിക്കുന്നത്.കാറിൽ എത്തിയ സംഘം ഫറൂഖ് അഹമ്മദിനോട് കോഴി
ആവശ്യപ്പെട്ടു.മകളുടെ ജന്മദിനാഘോഷത്തിനുവേണ്ടിയാണ് കോഴിയെന്നും
പറഞ്ഞു.ഇതനുസരിച്ച് ഫറൂഖ് അഹമ്മദ് 21.200 കിലോ കോഴി തൂക്കി.തുടർന്ന്
കോഴിയെ അറുത്ത് നന്നാക്കാൻ തുടങ്ങി.ഇതിനിടയിൽ സംഘത്തിലൊരാൾ ഫറൂഖ്
അഹമ്മദിനോട് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടു. ബാലൻസ്
ഇല്ലാത്തതിനാലാണ് ഫോൺ ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.ഇതനുസരിച്ച് ഫറൂഖ്
അഹമ്മദ് ഫോൺ നൽകി..കോൾ ചെയ്യാനെന്ന
വ്യാജേന അല്പം മാറിനിന്നശേഷം സംഘം ഫോണുമായി കാറിൽ കയറി മുങ്ങി.