house
പൊയ്ക്കാട്ടുശേരി ഞാറശ്ര ജാനകി വേലായുധന്റെ വീട് മരം വീണ് തകർന്ന നിലയിൽ

നെടുമ്പാശേരി: ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പൊയ്ക്കാട്ടുശേരി ഞാറശ്ര ജാനകി വേലായുധന്റെ ഓടിട്ട വീടാണ് തകർന്നത്. ഓടിന്റെ കഷ്ണങ്ങൾ വീണെങ്കിലും മുറിയിൽ ഉറങ്ങിക്കിടന്ന ജാനകിയുടെ മരുമകളും കുഞ്ഞും പരിക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബുധനാഴ്ച്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ട്. ജാനകിയുടെ വീടിന്റെ തെക്കുഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന പറമ്പിലെ കാഞ്ഞിര മരമാണ് കടപുഴകി വീണത്. ഈ പറമ്പിൽ അപകടാവസ്ഥയിലുള്ള വേറെയും മരങ്ങളുണ്ട്. ഇവ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്ത്, വില്ലേജ് അധികൃതർ ജാനകിയുടെ വീട്ടിലെത്തി നാശനഷ്ടം വിലയിരുത്തി.