ആലുവ: സ്വന്തമായി ഭൂമിയുണ്ടായിട്ടും വാടക വീടുകളിലും കൂരകളിലും അന്തിയുറങ്ങുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായി ഭവനം നിർമ്മിച്ചു നല്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കുട്' ഭവന പദ്ധതിയിലെ 35-ാമത്തെ ഭവനത്തിന്റെ തറക്കല്ലിടൽ അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു.
ചൂർണ്ണിക്കര പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളിക്കവലയിൽ ശരീരം തളർന്ന രണ്ടു പെൺ മക്കളുടെ മാതാവായ ബീവിക്കുവേണ്ടിയാണ് വീട് നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന അലി, ബ്ലോക്ക് പഞ്ചായത്തംഗം സി.പി. നൗഷാദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സന്തോഷ്, മെമ്പർമാരായ ഷിറാസ് അലിയാർ, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. സുലൈമാൻ, മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ എന്നിവർ പങ്കെടുത്തു. 510 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നത്. പദ്ധതി പ്രകാരം പൂർത്തിയായ 27 ഭവനങ്ങൾ കൈമാറി. ഏഴ് ഭവനങ്ങളുടെ നിർമ്മാണം നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിലായി പുരോഗമിക്കുകയാണ്.