firos-kunnumparambil
ഫിറോസ് കുന്നുംപറമ്പിൽ

ആലുവ: ആലുവയുടെ സാമൂഹ്യ - സാംസ്കാരിക- ജീവകാരുണ്യമേഖലയിൽ സജീവ സാന്നിദ്ധ്യമായ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി 20-ാം വാർഷികാഘോഷം ജൂലായ് 21ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് പ്രസിഡന്റ് വി.ടി. ചാർളി, ജനറൽ സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ അറിയിച്ചു.

കുടുംബ സംഗമം, മനുഷ്യാകവാശ സേവന പുരസ്കാര വിതരണം, അവാർഡ് വിതരണം, കാരുണ്യപ്രവർത്തനം 2019 ഉദ്ഘാടനം, ബോധവത്കരണ ക്ളാസുകൾ തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

21ന് വൈകിട്ട് 4.30ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ ബെന്നിബെഹനാൻ, ഹൈബി ഈഡൻ എന്നിവരെ ആദരിക്കും. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് മനുഷ്യാകവാശ സേവന പുരസ്കാരം ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൈമാറും. പ്രമുഖ വ്യക്തികളെ അൻവർ സാദത്ത് എം.എൽ.എ ആദരിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, കെ. ചന്ദ്രശേഖരൻ, ജി. വേണു, പോൾ മുണ്ടാടൻ എന്നിവർ പ്രസംഗിക്കും. സമിതി ഭാരവാഹികളായ വി.എക്സ്. ഫ്രാൻസിസ്, ഐഷ സലീം, നിസാം പൂഴിത്തറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫിറോസ് കുന്നുംപറമ്പിലിന് മനുഷ്യാകവാശ സേവന പുരസ്കാരം

ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 'മനുഷ്യാകവാശ സേവന പുരസ്കാരം' ഫിറോസ് കുന്നുംപറമ്പിലിന് സമ്മാനിക്കും. പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അവശതയനുഭവിക്കുന്ന നൂറുകണക്കിന് പേർക്ക് ഫിറോസിന്റെ ഇടപെടലുകളെ തുടർന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.