വിനോദത്തിനപ്പുറത്ത് ആരോഗ്യവും മാനസികവുമായ അനേകം നേട്ടങ്ങൾ സ്പോർട്സിന്റെ ഭാഗമായ ശാരീരിക അദ്ധ്വാനത്തിലൂടെ ലഭിക്കും. പ്രമേഹം, അമിതവണ്ണം, ഹൃദ് രോഗങ്ങൾ മുതലായ അനേകം പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. എന്നാൽ അമിതമായ കായികാദ്ധ്വാനവും മറ്റ് പരിക്കുകളുമെല്ലാം ചിലപ്പോൾ വിപരീത ഫലങ്ങളും ഉണ്ടാക്കും. പരിക്കുകൾ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കായികക്ഷമതയെയും ചിലപ്പോൾ തുടർജീവിതത്തെയും ബാധിക്കാനും സാധ്യതയുണ്ട്. കൗമാരക്കാരിൽ കായികപരിശീലനത്തിനിടെ പരിക്കിനുള്ള സാധ്യതയും കൂടുതലാണ്. കായിക മത്സരങ്ങൾക്കിടെയുള്ള അപകടങ്ങൾ, അശാസ്ത്രീയമായ ട്രെയിനിംഗ്, ഉപകരണങ്ങളുടെ തെറ്റായ ഉപയോഗം മുതലായവയാണ് പ്രധാനമായും സ്പോർട്സ് പരിക്കുകൾക്ക് കാരണമാകുന്നത്. ചെറിയ നീർക്കെട്ട് മുതൽ അതിസങ്കീർണമായ പരിക്കുകൾ വരെ അസ്ഥികളുമായി ബന്ധപ്പെട്ടുണ്ടാകാം. സ്പോർട്സ് ഇഞ്ച്വറിയുടെ ചികിത്സ പ്രതിരോധത്തിൽ നിന്നു തന്നെ ആരംഭിക്കണം. പ്രീഹാബിലിറ്റേഷനിലൂടെ റീഹാബിലിറ്റേഷനെ ഇല്ലാതാക്കാമെന്നാണ് സ്പോർട്സ് മെഡിസിനിലെ കാഴ്ചപ്പാട്. ഓരോ കായികതാരത്തിനും അവരുടെ മേഖലയ്ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത ശാസ്ത്രീയമായ വ്യായാമ രീതികൾ നിഷ്കർഷിക്കപ്പെടും. സമയമെടുക്കുക, ഇടവേളകളെടുക്കുക, കൃത്യമായ ഉപകരണങ്ങളെ ആശ്രയിക്കുക, ധാരാളം വെള്ളം കുടിക്കുക, പേശിയുടെ ശക്തി വർദ്ധിപ്പിക്കുക, കരുതലോടെ കളിക്കുക മുതലായവയാണ് ഇതിന്റെ ഭാഗമായുള്ള ടിപ്പുകൾ. പരിക്കുകളുടെ ചികിത്സ ഫസ്റ്റ് എയ്ഡ്, എമർജൻസി എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. കളിക്കളത്തിൽ വച്ചുണ്ടാകുന്ന പരിക്കുകൾ സങ്കീർണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പരിക്കിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ എക്സ് റേ, സി.ടി സ്കാൻ, എം.ആർ.ഐ തുടങ്ങിയ വിശദമായ പരിശോധനകളും ആവശ്യമായി വരും. സന്ധിബന്ധങ്ങളിലുള്ള പരിക്കുകളുടെ തീവ്രതയനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ചിലപ്പോൾ ചുരുങ്ങിയ കാലത്തെ വിശ്രമത്തിലൂടെയോ മറ്റുചിലപ്പോൾ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയോ അസുഖം ഭേദപ്പെടാം. കാൽമുട്ട്, ഷോൾഡർ, ഇടുപ്പ് എന്നിവിടങ്ങളിൽ പ്രധാനമായും കീഹോൾ ശസ്ത്രക്രിയ സാധ്യമാകും. ഇതിലൂടെ കുറഞ്ഞ ആശുപത്രി വാസവും വളരെ വേഗത്തിൽ കായിക രംഗത്തേക്കുള്ള തിരിച്ചുവരവും സാധ്യമാകും.
ഡോ. പ്രവീൺ കുമാർ കെ.എസ്,
സീനിയർ കൺസൾട്ടെന്റ് - ഓർത്തോപീഡിക്സ്
സ്പോർട്സ് മെഡിസിൻ ആൻഡ് ജോയിന്റ് റീപ്ളേസ്മെന്റ്
കിന്റർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കൊച്ചി
ഫോൺ: 9746600600