#. അമ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അനുവദിക്കില്ല
#മൊത്ത വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുന്നു
കൊച്ചി : ഒരിടവേളയ്ക്ക് ശേഷം കൊച്ചി കോർപ്പറേഷൻ വീണ്ടും പ്ളാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കാനാണ് തീരുമാനം. പ്ളാസ്റ്റിക് കവറുകളുടെ തൂക്കം നിശ്‌ചയിക്കുന്നതിനായി പത്ത് മൈക്രോ മീറ്ററുകൾ വാങ്ങിയെങ്കിലും അത് ഉപയോഗിക്കുന്നില്ല. 50 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് നിരോധിക്കുന്നതിന് നഗരസഭ പലതവണ തീരുമാനം എടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം നടപ്പാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇങ്ങനെ ഇനി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് മേയർ സൗമിനി ജയിൻ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ ഇതുവരെ എന്തു ചെയ്തുവെന്ന മേയറുടെ ചോദ്യത്തിന് കഴിഞ്ഞ മാസം 160 കിലോ പ്ലാസ്റ്റിക് പിടിച്ചെന്നായിരുന്നു ഹെൽത്ത് ഓഫീസറുടെ മറുപടി. പ്ലാസ്റ്റിക് മൊത്തക്കച്ചവടക്കാരെ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതായി കൗൺസിലർമാർ പരാതിപ്പെട്ടു.
# പരിശോധനയ്ക്ക് നേതൃത്വം നൽകുമെന്ന്
ചെയർപേഴ്സൺ
അമ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് പിടിച്ചെടുക്കാൻ മേയർ കർശന നിർദ്ദേശം നൽകി.ഇതിനായി പൊലീസിന്റെ സഹായം ആവശ്യമെങ്കിൽ തേടണമെന്നും മേയർ പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അംഗങ്ങൾ പരിശോധനാ സ്ക്വാഡിൽ പങ്കെടുക്കുമെന്ന് ചെയർപേഴ്‌സൺ പ്രതിഭ അൻസാരി പറഞ്ഞു. അതാത് ഡിവിഷനുകളിലെ കൗൺസിലർമാരെയും സ്ക്വാഡിൽ ഉൾപ്പെടുത്തും
# സ്മാർട്ട് സിറ്റി റോഡ്
കരാറായി
സ്മാർട്ട് സിറ്റി പ്രദേശത്തെ റോഡു നിർമ്മാണത്തിന് കരാറായി. റോഡുകളുടെ കാര്യത്തിൽ മുൻഗണന നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ കൗൺസിലർമാരെ ഉൾപ്പെടുത്തി സ്മാർട്ട് സിറ്റി കമ്പനി അധികൃതരുടെ യോഗം വിളിക്കുമെന്ന് മേയർ പറഞ്ഞു.
# ഫയൽ അദാലത്ത്
ഇന്നു കൂടി അപേക്ഷ നൽകാം
15 ന് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കുന്നതിന് ഇന്നു കൂടി അപേക്ഷകൾ നൽകാം. ആന്തുർ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി കിട്ടാതെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് നഗരസഭകളിൽ സർക്കാർ ഫയൽ അദാലത്തുകൾ നടത്തുന്നത്.കെട്ടിട നിർമ്മാണ അപേക്ഷകളിൽ അനുമതി കിട്ടാതെ കെട്ടിക്കിടക്കുന്ന ഫയലുകളാണ് അദാലത്തിൽ പരിശോധിക്കുക.