മൂവാറ്റുപുഴ: നഗരത്തിലൂടെ ഇനി ഏതുസമയത്തും ഭയരഹിതമായി യാത്ര ചെയ്യാം. സാമൂഹ്യവിരുദ്ധരെയും മദ്യപാനികളെയും ഒതുക്കാൻ മൂവാറ്റുപുഴയിൽ പിങ്ക് പൊലീസ് രംഗത്ത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസിനെയാണ് പിങ്ക് പൊലീസിലേക്ക് നിയോഗിച്ചിരിക്കുന്നത്. 1515 എന്ന നമ്പരിൽ വിളിച്ചാൽ ഞൊടിയിടയിൽ പിങ്ക് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ അടക്കം കേന്ദ്രീകരിക്കുന്ന സാമൂഹ്യവിരുദ്ധർക്ക് പിങ്ക് പൊലീസ് ഇനി പേടിസ്വപ്നമാകും. തിരക്കേറിയ ആശ്രമം ബസ് സ്റ്റാൻഡിലെ തുറക്കാതെ കിടന്നിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അടക്കം സാമൂഹിക വിരുദ്ധർ താവളമാക്കുന്നുവെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തിരക്കേറിയ രാവിലെയും വൈകിട്ടും സ്റ്റാൻഡുകളിൽ ഇവരുടെ സേവനം ലഭ്യമാകും.
ഏതാനും ദിവസം മുമ്പ് ആശ്രമം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനകത്തെ കസേരകളും മറ്റും മദ്യപസംഘം തല്ലിത്തകർത്തിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ബസ് സ്റ്റാൻഡ് മദ്യപാനികളും സാമൂഹിക വിരുദ്ധരും താവളമാക്കുന്നതിനെതിരെ യാത്രക്കാരിൽനിന്ന് വൻ പ്രതിഷേധമുയർന്നിരുന്നു. സ്ത്രീകൾക്കുള്ള ഇരിപ്പിടങ്ങൾ ഇവർ കൈയടക്കുകയും ഉച്ചത്തിൽ അസഭ്യങ്ങൾ വിളിച്ചുപറയുന്നതും പതിവുകാഴ്ചയായിരുന്നു. പകൽസമയത്തു പോലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉപദ്രവങ്ങളുണ്ടാകുന്നുണ്ടന്ന പരാതിയും വ്യാപകമായിരുന്നു. ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും തുറന്നുകൊടുത്തിരുന്നില്ല. ഇതാണ് സാമൂഹ്യവിരുദ്ധർക്ക് തുണയായത്. പിങ്ക് പൊലീസ് എത്തിയതോടെ ഇതിനെല്ലാം അറുതിവന്നുതുടങ്ങി.
ആശ്രമം ബസ് സ്റ്റാൻഡിനു പുറമെ മാർക്കറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി. സി സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും
സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായിരുന്നു.