പെരുമ്പാവൂർ: അഭയഭവനിലെ അന്തേവാസിയായ തമിഴ്നാട് സ്വദേശിനി വെങ്കിടലക്ഷ്മിയെ കൊണ്ടുപോകാൻ മകൻ ലക്ഷ്മിനാരായണനെത്തി. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കൊളമംഗലം സ്വദേശിനിയായ വെങ്കിടലക്ഷ്മി 2018 സെപ്തംബർ 19നാണ് കൂവപ്പടി അഭയഭവനിലെത്തിയത്. ആലുവ വനിതസെൽ പൊലീസാണ് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന വെങ്കിടലക്ഷ്മിയെ അഭയഭവനിലെത്തിച്ചത്. അഭയഭവനിൽ എത്തിച്ചേരുമ്പോൾ ഇവർ മാനസിക രോഗിയായിരുന്നു. ആവശ്യമായ ചികിത്സ നൽകിയതോടെ വെങ്കിടലക്ഷ്മിയുടെ രോഗം ഭേദമായി. പിന്നീട് വീടും വിലാസവും തന്റെ മകനെ കുറിച്ചുള്ള വിവരങ്ങളും ഇവർ ഓർത്തെടുത്തു . അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാന്റെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ മകനെ കണ്ടെത്തി കാര്യങ്ങൾ പറഞ്ഞു. മാനസിക രോഗിയായ അമ്മ ഒരു ദിവസം വീട്ടിൽ നിന്നും ഇറങ്ങി പോയതാണെന്നും ഒരു വർഷമായി അന്വേഷണം നടത്തുകയാണെന്നും ലക്ഷ്മിനാരായണൻ പറഞ്ഞു. തുടർന്ന് ആലുവ വനിതസെൽ പൊലീസിന്റെ അനുമതിയോടെ വെങ്കിടലക്ഷ്മിയും മകൻ ലക്ഷ്മിനാരായണയും അഭയഭവനിൽ നിന്നും അഭയഭവൻ ഡയറക്ടർക്കും ജീവനക്കാർക്കും നന്ദി പറഞ്ഞ് നാട്ടിലേക്ക് യാത്രയായി.