കൊച്ചി:ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന കെ.പി. ഹരിദാസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രേഡ് യൂണിയൻ രജിസ്ട്രാർ റദ്ദ് ചെയ്തതായി എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആൻഡ് അലൈഡ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1976ൽ മറൈൻഡ്രൈവിലെയും സമീപപ്രദേശങ്ങളിലെയും തൊഴിലാളികൾ 612/1976 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത മറൈൻഡ്രൈവ് വർക്കേഴ്‌സ് യൂണിയൻ എന്ന സംഘടനയുടെ പേരിൽ കൃത്രിമം കാട്ടിയാണ് എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ പ്രവർത്തിച്ചിരുന്നതെന്ന് ലേബർ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന,ദേശീയ നേതൃത്വങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ സംഘടന ഐ.എൻ.ടി.യു.സിയിൽ അഫിലിലേഷൻ നേടി. തൊഴിൽ വകുപ്പിന് നൽകിയ കണക്കുകളിലും തട്ടിപ്പ് കാട്ടിയെന്ന് ഭാരവാഹികൾ ആരോപിച്ചു.

ഐ.എൻ.ടി.യു.സി വൈപ്പിൻ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവരാവകാശംവഴി നേടിയെടുത്ത രേഖകൾ സഹിതമാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കോടതിയുടെ നിർദ്ദേശപ്രകാരം ട്രേഡ് യൂണിയൻ രജിസ്ട്രാർ നടത്തിയ പരിശോധനയിൽ യൂണിയൻ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തൊഴിൽ വകുപ്പ് നടത്തുന്ന ചർച്ചകളിൽനിന്നും കേരളാ കെട്ടിട നിർമ്മാണ ക്ഷേമനിധിയിലും നിന്നും സംഘടനയെ ഒഴിവാക്കിയിട്ടുണ്ട്. നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച കെ.പി ഹരിദാസിനെ യൂണിയനിൽ നിന്നും പുറത്താക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് അരുൺ ഗോപി,സക്കീർ ഹുസൈൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു