വൈപ്പിൻ: പള്ളിപ്പുറം കൃഷിഭവന് കീഴിൽ പള്ളിപ്പുറം, ചെറായി ഗ്രാമപ്രദേശങ്ങളിൽ വിഷമയമില്ലാത്ത വിളകൾക്കു വേണ്ടി രൂപീകരിച്ച ഹരിത കാർഷിക കർമ്മസേനയുടെ പ്രവർത്തനം അടുത്ത ആഴ്ച മുതൽ തുടങ്ങും. ഗ്രാമത്തിലെ ഓരോ വീടുകളിലും ചെയ്യേണ്ടുന്ന കാർഷിക ജോലികൾ സേനാംഗങ്ങൾ വീടുകളിൽ ചെന്ന് ചെയ്തുകൊടുക്കും. തെങ്ങിന് തടമെടുക്കൽ, പച്ചക്കറികൾക്ക് നിലമൊരുക്കൽ, വാഴക്ക് കുഴി എടുക്കൽ തുടങ്ങി കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യും. ഗ്രോ ബാഗ്കൃഷി ഇടക്കിടെ പരിശോധിക്കൽ, തെങ്ങുകയറ്റം, സ്‌കൂളുകളിൽ പച്ചക്കറിതോട്ടം ഒരുക്കൽ, വളം ഇട്ടുകൊടുക്കൽ, പുല്ല് ചെത്തൽ തുടങ്ങിയ ജോലികളിലും ഉണ്ടാകും. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് ജോലി സമയം. പ്രതിദിനം 550 രൂപയാണ് കൂലി. പള്ളിപ്പുറം പഞ്ചായത്തിൽ മാത്രമല്ല കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമായിരിക്കും. പള്ളിപ്പുറം കൃഷി ഓഫീസർ വിദ്യാ ഗോപിനാഥ്, കേര ഗ്രാമം പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കർമ്മസേനയുടെ പ്രവൃത്തികൾ. കാർഷിക വികസന കർഷകക്ഷേമവകുപ്പ്, പ്രകൃതി ജൈവ കർഷക സമിതി, പള്ളിപ്പുറം കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറായി ദേവസ്വംനടയിൽ പ്രകൃതി ഇക്കോ ഷോപ്പ് കഴിഞ്ഞ ദിവസം തുറന്നു. കർഷകർക്കാവശ്യമുള്ള വിത്ത്, തൈ, നടീൽവസ്തുക്കൾ, ജൈവപച്ചക്കറി എന്നിവ മിതമായ നിരക്കിൽ ലഭിക്കും. ഫോൺ: 0484-2416044, 95622 92 113.