കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ ഗ്രേഡിംഗ് തെറ്റായി നടപ്പാക്കിയതു മൂലം പി.ജി പ്രവേശനം നഷ്ടമായ 13 വിദ്യാർത്ഥികളിൽ അർഹരായവർക്ക് എങ്ങനെ പ്രവേശനം നൽകാമെന്നു സർക്കാരും എം.ജി സർവകലാശാലയും കൂടിയാലോചിച്ച് തീരുമാനിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജൂലായ് 15നകം പരിഹാരം കാണണമെന്നും ചട്ടം തെറ്റായി നടപ്പാക്കിയതിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നഷ്ടമായ സംഭവം ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എം.ജി സർവകലാശാല ഗ്രേഡിംഗ് സംബന്ധിച്ച ചട്ടം നടപ്പാക്കും മുമ്പ് മഹാരാജാസ് കോളേജിൽ നടപ്പാക്കിയതിനാൽ പി.ജി പ്രവേശനം നഷ്ടമായെന്നാരോപിച്ച് എറണാകുളം പള്ളിപ്പുറം സ്വദേശി കെ.ബി. ശില്പയടക്കം 13 വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധി. ഹർജികൾ ജൂലായ് 17 ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ മഹാരാജാസ് കോളേജിലെ പി.ജി കോഴ്സുകളിലെ ജനറൽ, സംവരണ സീറ്റുകളിൽ അവസാനം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെക്കാൾ മാർക്കുള്ളവരാണ് ഹർജിക്കാരിൽ പലരുമെന്ന് പ്രിൻസിപ്പൽ സ്റ്റേറ്റ്മെന്റ് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് ഇടക്കാല വിധി.