അങ്കമാലി :കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീണ്ടും മാലിന്യ കൂമ്പാരം . സ്റ്റാൻഡിന്റെ തെക്ക് കിഴക്ക് ഭാഗത്തായിട്ടാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.നിർമാണ സാമഗ്രികളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത് .കെ.എസ്.ആർ.ടി.സി യുടെ അധീനതയിലുള്ള സ്ഥലത്താണ് അവശിഷ്ടങ്ങൾ തളളിയിരിക്കുന്നത്. ഒരാഴ്ചയോളമായി മാലിന്യം ഇവിടെ കിടക്കാൻ തുടങ്ങിയിട്ട്. ഇരുവശങ്ങളിലും ഉയരത്തിൽ മതിൽ ഉള്ളതിനാൽ മാലിന്യം കിടക്കുന്നത് പുറമെനിന്നും കാണാൻ കഴിയില്ല. ഇതൊരു സൗകര്യമായി കണ്ടാണ് മാലിന്യം യഥേഷ്ടം ഇവിടെ നിക്ഷേപിക്കുന്നത് . മതിലിന് പുറത്ത് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് പ്രദേശമായതിനാൽ മറ്റാരും ഇവിടേക്ക് വരാറുമില്ല.മാലിന്യകൂമ്പാരത്തിന് സമീപമുള്ള മതിലിന് അപ്പുറം അങ്കമാലി നഗരസഭാ കാര്യാലയമാണ്.നഗരസഭാ കെട്ടിടത്തിൽ നിന്നാൽ ഈ മാലിന്യം കിടക്കുന്നത് കാണുവാൻ സാധിക്കും .മാലിന്യം നീക്കം ചെയ്യാൻ കെ. എസ്. ആർ. ടി. സി അധികൃതർ നടപടിയെടുക്കണം.നഗരസഭ കാര്യാലയത്തിന്റെ കൺവെട്ടത്തിൽ കാണുന്ന മാലിന്യം നീക്കൻ ചെയ്യാൻ വേണ്ടുന്ന നടപടി നഗരസഭ അധികൃതരും സ്വീകരിക്കണം.