പള്ളുരുത്തി: സംശയരോഗത്തെ തുടർന്ന് ഭാര്യയെ കേബിൾ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പള്ളുരുത്തി വെളി എച്ച്.എം.സി ലൈനിൽ കയ്യത്തറ വീട്ടിൽ സാഗരൻ (65) ആണ് ഭാര്യ മനോരമയെ (56) കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം.
ഇവരുടെ വീട്ടിൽ നിന്ന് ബഹളവും നിലവിളിയും സമീപവാസികൾ കേട്ടെങ്കിലും പതിവ് സംഭവമായതിനാൽ ആരും എത്തിയില്ല. കൊലപാതകത്തിന് ശേഷം സാഗരൻ വാതിൽപൂട്ടി സ്റ്റേഷനിനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്.
സംശയരോഗിയായ ഭർത്താവ് തന്നെ മർദ്ദിച്ചെന്ന് കാട്ടി മനോരമ നേരത്തെ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുവരെയും വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചതായിരുന്നു.
കൊച്ചിൻ ഷിപ്പ് യാർഡിലെ വെൽഡറായിരുന്നു സാഗരൻ. മക്കൾ: സഞ്ജയ്, പരേതയായ ചിന്നു.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ വീടിനു സമീപം തടിച്ചുകൂടി. പള്ളുരുത്തി സി.ഐ. ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. സാഗരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.