പറവൂർ : പറവൂർ സഹകരണ ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ മത്സരിക്കുന്ന സി.പി.ഐ നഗരസഭാ കൗൺസിലർ സുനിൽ സുകുമാരന്റെ നോമിനേഷൻ സ്വീകരിച്ചതിനെതിരെ യു.ഡി.എഫ് നിയമനടപടിക്കൊരുങ്ങുന്നു. സഹകരണ വകുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നോമിനേഷൻ സ്വീകരിച്ചതെന്നാണ് ആരോപണം. പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പരിധിയിൽ താമസിക്കുന്ന സുനിൽ സുകുമാരന് ഈ ബാങ്കിൽ അംഗത്വമുണ്ട്. ഇയാളുടെ താമസപരിധിയിൽ അല്ലാത്ത പറവൂർ സഹകരണ ബാങ്കിലും സുനിൽ അംഗമാണ്. വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് കഴിഞ്ഞദിവസം പ്രഖ്യാപിച്ച വോട്ടർ പട്ടികയിൽ സുനിലിന്റെ പേരുണ്ട്. പറവൂർ സഹകരണ ബാങ്കിൽ സുനിൽ നോമിനേഷൻ നൽകിയതിനെതിരെ പരാതി കൊടുത്തപ്പോൾ വെസ്റ്റ് ബാങ്കിലെ അംഗത്വം ഒഴിവാക്കാനാണ് ജോയിന്റ് രജിസ്ട്രാർ നിർദേശിച്ചത്. വെസ്റ്റ് ബാങ്കിൽ എട്ട് പേർക്കു സുനിൽ ജാമ്യം നിന്നു വായ്പയെടുത്തിട്ടുണ്ട്. ഇതിനാൽ അംഗത്വം ഒഴിവാക്കാനാകില്ല. എന്നിട്ടും നോമിനേഷൻ സ്വീകരിച്ചതിനെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എയും നഗരസഭാ ചെയർമാൻ രമേഷ് ഡി.കുറുപ്പും പറഞ്ഞു.
ഇരട്ടഅംഗത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയ്ക്കു കാരണമാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി വരണാധികാരി പരാതിക്ക് മറുപടി നൽകിയിട്ടുണ്ട്. പറവൂർ സഹകരണ ബാങ്കിൽ 28 നും വെസ്റ്റ് സഹകരണ ബാങ്കിൽ അടുത്തമാസം 18 നുമാണ് ഭരണസമിതി തിരഞ്ഞെടുപ്പ്.