മൂവാറ്റുപുഴ: മഹാപ്രളയത്തിന് ആണ്ടറുതിയെത്തുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ് മൂവാറ്റുപുഴ. കോടികളുടെ നാശനഷ്ടമാണ് മേഖലയിലുണ്ടായത്. എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും നടത്തിയ കൂട്ടായ ഇടപെടലിലൂടെ പ്രളയ ദുരിതത്തെ തോൽപ്പിക്കുകയാണ് ഇവിടത്തുകാർ . താലൂക്കിൽ 8613 വീടുകളാണ് പ്രളയത്തിൽ മുങ്ങിയത്. ഇവർക്കെല്ലാം തന്നെ സർക്കാരിന്റെ പ്രാരംഭ നഷ്ടപരിഹാര തുകയായ പതിനായിരം രൂപ ആദ്യഘട്ടം തന്നെ നൽകിയിരുന്നു.
# വീട് നിർമ്മാണം പുരോഗമിക്കുന്നു
35 വീടുകളാണ് താലൂക്ക് പരിധിയിൽ പൂർണമായും തകർന്നത്. ഇതിൽ 9 വീടുകൾ കെയർഹോം പദ്ധയിൽ പെടുത്തിയും 4 വീടുകൾ വിവിധ സന്നദ്ധ സംഘടനകൾ വഴിയും പുനർ നിർമ്മിച്ചു. റീബിൽഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 17 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിൽ 15 വീടുകളും മൂന്നാംഗഡു തുക കൈപ്പറ്റിക്കഴിഞ്ഞു. പുറമ്പോക്കിൽ താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങളിൽ 2 കുടുംബങ്ങൾ സ്വന്തമായി സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവർക്കായുളള വീടിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. മറ്റ് മൂന്ന് കുടുംബങ്ങൾക്കായി ആരക്കുഴ വില്ലേജിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ഫ്‌ളാറ്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
# കാർഷികമേഖല വീണ്ടെടുപ്പിന്റെ പാതയിൽ
പ്രളയത്തിൽ തകർന്ന കാർഷിക മേഖലയും വീണ്ടെടുപ്പിന്റെ പാതയിലാണ്. മേഖലയിലെ ആരക്കുഴ, ആയവന, ആവോലി, മഞ്ഞള്ളൂർ, മാറാടി, മൂവാറ്റുപുഴ നഗരസഭ, കല്ലൂർക്കാട്, പായിപ്ര പഞ്ചായത്തുകളിലായി 2.5 കോടിയുടെ കാർഷിക നഷ്ടമാണ് പ്രളയമുണ്ടാക്കിയത്. ഇതിൽ ഭൂരിഭാഗം കർഷകർക്കും നഷ്ടപരിഹാരം നൽകി. പ്രളയത്തിൽ നശിച്ച വീടുകളിലെ ജൈവ പച്ചക്കറികൾക്ക് പകരമായി 64000 പച്ചക്കറി തൈകൾ വിതരണം ചെയ്തു. പലയിടങ്ങളിലും നെൽകൃഷിയും പുനരാരംഭിച്ചു.