muthalib
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ശുചീകരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ശുചീകരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. 'ക്ലീൻ കീഴ്മാട്' മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം ആരംഭിച്ചിരിക്കുന്നത്.

പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും ഹരിത കർമ്മ സേന മുഖേന ശുചീകരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. പ്രതിമാസം 40 രൂപ വീടുകളിൽ നിന്നും ഈടാക്കും. ജൈവ - അടുക്കള മാലിന്യ സംസ്‌ക്കരണത്തിനായി ബയോഗ്യാസ്, ബയോബിൻ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 1800 രൂപ വരുന്ന ബയോ ബിൻ 180 രൂപയ്ക്കും, 13500 രൂപ വരുന്ന ബയോഗ്യാസ് 6000 രൂപയ്ക്കുമാണ് പഞ്ചായത്ത് നൽകിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിലെ വീടുകളിൽ നിന്നും കുപ്പിച്ചില്ല്, ചെരിപ്പ്, ബാഗ്, പ്ലാസ്റ്റിക്, ട്യൂബ് സെറ്റ് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും പഞ്ചായത്ത് ശേഖരിച്ചിരുന്നു.

പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എച്ച്. ഷൈൻ, സി.കെ. മോഹനൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പി.ബി. അന്ത്രു, വി.ഇ.ഒ മുഹമ്മദ് സിദ്ദീഖ്, സിയാദ് തുടങ്ങിയവർ സംസാരിച്ചു.

പ്ലാസ്റ്റിക് കത്തിച്ചാൽ കർശന നടപടി


കീഴ്മാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് കത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ അറിയിച്ചു. പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് ആരംഭിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കും. സ്വന്തം വീടുകളിൽ പോലും പ്ലാസ്റ്റിക് കത്തിക്കുവാൻ പാടില്ല. പ്ലാസ്റ്റിക് കത്തിക്കുന്നവർ പിഴയും നിയമ നടപടിയും നേരിടേണ്ടിവരും. പ്ലാസ്റ്റിക്ക് കത്തിക്കുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.