blood
കീഴ്മാട് പഞ്ചായത്ത് കീരംകുന്നിൽ വീടിന് വെളിയിൽ കാണപ്പെട്ട രക്തം

ആലുവ: തോട്ടുമുഖം കീരംക്കുന്നിൽ വീടുകളുടെ സിറ്റൗട്ടിലും മുറ്റത്തും രക്തം കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. സമീപത്ത് നിന്നും മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ഉടമയായപശ്ചിമബംഗാൾ സ്വദേശിനാട്ടിലുണ്ടെന്ന് വ്യക്തമായി.

കീഴ്മാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരംകുന്നിൽ ഇന്നലെ പുലർച്ചയാണ് എട്ട് വീടുകളിൽ പല ഭാഗത്തായി രക്തത്തുള്ളികൾ കണ്ടത്. . താഴത്തങ്ങാടി കുഞ്ഞിക്കൊച്ച്, പള്ളിക്കുഴി റസിയ അബ്ദുൽ ഖാദർ, കുഞ്ഞുമുഹമ്മദ് പൂഴിത്തറ, അഷറഫ് നടുക്കുടി, നാസർ പൂഴിത്തറ, അബ്ദുല്ല ചേരിൽ, കാസിം പുല്ലാട്ടുഞാലിൽ എന്നിവരുടെ വീടുകൾക്ക് പുറത്തും നിർമ്മാണത്തിലിരിക്കുന്ന സിദ്ദീഖിന്റെ വീടിന് വെളിയിലും രക്തം കണ്ടെത്തി. പഴങ്ങാടി റോഡിലും രക്തത്തുള്ളി കണ്ടെത്തി. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചിലയിടത്തുണ്ട്.

നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ചവറുകൂനയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. സിം കാർഡ് ബാറ്ററിക്കൊപ്പം ഫോണിനകത്ത് തന്നെ ഒളിപ്പിച്ച നിലയിലായിരുന്നു. സിം കാർഡ് ഫോണിൽ ഇട്ടപ്പോൾ ബുധനാഴ്ച്ച രാത്രി ഒരു നമ്പറിൽ നിന്നുള്ള 28 മിസ്ഡ് കോളുകൾ കണ്ടെത്തി. കോൾ വന്നത് ബംഗാളിൽ നിന്നാണെന്ന് വ്യക്തമായതിനാൽ ബംഗാൾ സ്വദേശിയെകൊണ്ട് ആ നമ്പറിലേക്ക് പൊലീസ് വിളിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ സിം കാർഡിന്റെ ഉടമയുടെ ഭാര്യയാണ് കോൾ എടുത്തത്. ഭർത്താവ് നാട്ടിൽ തന്നെയുണ്ടെന്നും അവർപറഞ്ഞു. ഫോൺ പൊലീസ് സൈബർ സെല്ലിന് കൈമാറി.

എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. രക്തത്തിന്റെ സാമ്പിൾ കെമിക്കൽ റീജിണൽ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ മുറിവേറ്റ നായയുടെ ചോരയാകാം ഇതെന്ന് പാെലീസ് പറഞ്ഞു. രക്ത സാമ്പിളിന്റെ റിസൽട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. വിവരമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മായിൽ എന്നിവർ സ്ഥലത്ത് എത്തി.