നെടുമ്പാശേരി: ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നതിനായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി മക്കയിലേക്ക് യാത്ര തിരിക്കാൻ കൊച്ചിയിലെത്തിയ ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടകർക്ക് വരവേൽപ്പ് നൽകി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, മുൻ എം.എൽ.എ എ.എം. യൂസഫ്, ലക്ഷദ്വീപ് എക്‌സിക്യുട്ടീവ് ഓഫീസർ മുത്തുക്കോയ, നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഓഫീസർ എൻ.പി. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചി തുറമുഖത്ത് സ്വീകരിച്ചത്.
പത്ത് ദ്വീപുകളിൽ നിന്നായി 332 പേരാണ് ഈ വർഷം ഹജ്ജ് കമ്മിറ്റി വഴി ലക്ഷദ്വീപിൽ നിന്ന് യാത്രയാകുന്നത്. നാല് കപ്പലുകളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്. ലക്ഷദ്വീപ് ഹാജിമാരുടെ സംഘത്തിൽ ഏറ്റവും കൂടുതൽ പേർ അഗത്തിയിൽ നിന്നാണ് 77 പേർ. നെടുമ്പാശേരി എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്ന 14 ന് ഉച്ചയ്ക്ക് 2.05 നുള്ള രണ്ടാമത്തെ വിമാനത്തിലാണ് ഇവർ യാത്രയാകുന്നത്.