മുംബയ്: കടക്കെണിയിൽ നിന്ന് തലയൂരാൻ റിലയൻസിന്റെ അനിൽ അംബാനി 21,700 കോടി രൂപയുടെ ആസ്തികൾ വിൽക്കും. റോഡുകൾ മുതൽ റേഡിയോ സ്റ്റേഷൻ വരെ വിൽക്കാനുള്ള പട്ടികയിലുണ്ട്.
9000 കോടിയാണ് റിലയൻസ് ഇൻഫ്രാ സ്ട്രക്ചർ വിൽക്കാനുദ്ദേശിക്കുന്ന ഒമ്പത് റോഡ് പദ്ധതികളുടെ മൂല്യം
11,500 കോടിയുടെ സാമ്പത്തിക വ്യാപാരത്തിലെ ഓഹരിയും 1,200 കോടിയുടെ റേഡിയോ യൂണിറ്റുമാണ് വിൽക്കാനുള്ള റിലയൻസ് കാപ്പിറ്റൽ ആസ്തികളുടെ മൂല്യം.
കഴിഞ്ഞ 14 മാസത്തിനിടെ 35,000 കോടി രൂപയുടെ കടങ്ങൾ തിരിച്ചടച്ചതായി കഴിഞ്ഞ ആഴ്ച അനിൽ അംബാനി വ്യക്തമാക്കിയിരുന്നു. എങ്കിലും കടം മല പോലെ അവശേഷിക്കുകയാണ്. നാല് പ്രധാന കമ്പനികൾക്ക് മാത്രം 93,900 കോടിയുടെ ബാദ്ധ്യതയുണ്ടെന്നാണ് കണക്ക്. അനിൽ അംബാനി വ്യവസായ സാമ്രാജ്യത്തെ നയിച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസ് പാപ്പരായ അവസ്ഥയിലുമാണ്.
കടം കുറയ്ക്കുന്നത് വഴി ഗ്രൂപ്പിന്റെ ക്രെഡിറ്റ് റേറ്റിംഗ് വർദ്ധിപ്പിക്കലാണ് താൽക്കാലിക ലക്ഷ്യം. അതിലൂടെ തിരിച്ച് വരവിനുള്ള ശ്രമങ്ങളും തുടരും.