തൃപ്പൂണിത്തുറ: കുറ്റാന്വേഷണ മികവിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണറിന് ഇത്തവണ കൊച്ചി സിറ്റി പൊലീസിലെ ആരുമില്ല. നിരവധി കേസുകളിൽ വിദഗ്ദ്ധവും സാഹസികവുമായി പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് നിരാശയിലാണ്. സേനയിലെ ഓഫീസർമാർക്കിടയിലെ പടലപിണക്കങ്ങളാണ് മികച്ച നേട്ടങ്ങളുണ്ടാക്കിയിട്ടും അംഗീകാരത്തിന് പരിഗണിക്കാതെ പോകാൻ കാരണമെന്ന് അറിയുന്നു.

ആഗസ്റ്റ് 14 നാണ് ബാഡ്ജ് ഒഫ് ഓണർ പ്രഖ്യാപിക്കുക. അടുത്ത വർഷം ജനുവരി 26 ന് ഡി.ജി.പി തന്നെ ഇത് നൽകും.

എറണാകുളത്തെയും എരൂരിലെയും കവർച്ചയ്ക്ക് പിന്നിലെബംഗ്ലാദേശി സംഘത്തെ ബംഗാളിലെ ബംഗ്ളാദേശ് അതിർത്തിയിൽ ചെന്ന് പിടിച്ചതുംകോട്ടയം ,തൃപ്പൂണിത്തുറ, കളമശേരി, കൊരട്ടി എന്നിവിടങ്ങളിലെ എ.ടി.എം തകർത്ത് 35 ലക്ഷം രൂപ അപഹരിച്ചവരെ കുടുക്കിയതും തൃപ്പൂണിത്തുറ, പള്ളുരുത്തി സർക്കിൾ ഇൻസ്പെക്ടർമാരുടെ സംഘമായിരുന്നു. സാഹസികവും ശാസ്ത്രീയവുമായ അന്വേഷണങ്ങൾക്കിറങ്ങി വിജയിച്ച ഇവരെ ബാഡ്ജ് ഒഫ് ഓണറിന് പരിഗണിക്കാതിരുന്നതിൽ സംഘാംഗങ്ങളെയും നിരാശരാക്കിയിട്ടുണ്ട്.

സി.ഐമാരായ പി.എസ് ഷിജു, അനീഷ് , എസ്.ഐ സനൽ , എ.എസ്.ഐ മാരായ മധുസൂദനൻ, സുരേഷ്, ജോസി, സൈബർ വിദഗ്ദ്ധൻ എ.എസ്.ഐ മനോജ് ,സീനിയർ സി.പി.ഒ ബിനു ,സി.പി.ഒമാരായ ഹരികുമാർ, ദിനിൽ എന്നിവരുൾപ്പെട്ട ടീമായിരുന്നു രണ്ട് കേസുകളും അന്വേഷിച്ചത്.

20 ലക്ഷം മൊബൈൽ നമ്പറുകളിൽ നിന്നാണ് വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്. ബംഗ്ലാദേശ് അതിർത്തിയിലെ ബി.എസ്.എഫ് ബാരക്കിൽ രണ്ട് മാസത്തിലധികം താമസിച്ചാണ് പ്രതികളെ പിടികൂടിയതും.

എ.ടി.എം കവർച്ചാ സംഘത്തെ ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പിന്തുടർന്ന് കുടുക്കുകയായിരുന്നു. 5 ലക്ഷത്തിൽ പരം ഫോൺ കോൾ വിവരങ്ങൾ ഇതിന് വേണ്ടി സംഘം പരിശോധിച്ചു.

അധോലോക നായകൻ രവി പൂജാര ഉൾപ്പെട്ട കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതികളെ പിടികൂടിയതും സിറ്റി പൊലീസ് സംഘം തന്നെയാണ്.