beena
കിഴക്കേക്കര റോഡ് അടച്ചുകെട്ടാനുളള ഡി .എം.ആർ .സി അധികൃതരുടെ നീക്കത്തെതുടർന്ന് തഹസിൽദാർ ബീന.പി.ആനന്ദ് നിർമാണം പരിശോധിക്കുന്നു


തൃക്കാക്കര : പതിറ്റാണ്ടുകളായി നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുവഴി അടച്ചുകെട്ടാനുളള കൊച്ചി മെട്രോ അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു.ഇന്നലെ രാവിലെ പത്തുമണിയോടെ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ കിഴക്കേക്കര റോഡ് അടച്ചുകെട്ടാനുളള ഡി .എം.ആർ .സി അധികൃതരുടെ നീക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.റോഡ് അടച്ചുകെട്ടി കമ്പിവേലി കെട്ടി പൂർത്തിയാക്കുന്നതിനിടെയാണ് പ്രദേശവാസികൾ കണ്ടത് . തുടർന്ന് കിഴക്കേക്കര റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി നിർമ്മാണം തടഞ്ഞു.റോഡ് അടച്ചുകെട്ടിയത് പൊളിച്ച് നീക്കാനുള്ള നാട്ടുകാരുടെ ശ്രമം
തൃക്കാക്കര എസ് .ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. മെട്രോ അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രീയ പാർട്ടി നേതാക്കളും രംഗത്തെത്തി.
വാഴക്കാല വില്ലേജ് ഓഫീസർ സുദർശനാഭായികൊച്ചി മെട്രോ അധികൃതരും പ്രദേശവാസികളും ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല .തുടർന്ന് ഉച്ചക്ക് രണ്ടുമണിയോടെ തഹസിൽദാർ ബീന.പി.ആനന്ദ് സ്ഥലത്തെത്തി പ്രദേശവാസികളുടെ ചർച്ച നടത്തി.തുടർന്ന് ജില്ലാ കളക്ടർ എസ്.സുഹാസിനെ
ഫോണിൽ ബന്ധപ്പെട്ട ശേഷം താൽക്കാലികമായി റോഡ് അടച്ചുകെട്ടി കമ്പിവേലി കെട്ടി അടച്ച ഭാഗം തുറന്നുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.കളക്ടറുമായി ചർച്ച നടത്തിയ ശേഷമേ റോഡിന്റെ വിഷയത്തിൽ നടപടി ഉണ്ടാവുവെന്ന് തഹസിൽദാർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.കൊച്ചി മെട്രോ സിറ്റി പദ്ധതിയുടെ ഭാഗമായി സർക്കാർ വിട്ടുനൽകിയ 17.05 ഏക്കർ ഭൂമിയിലൂടെയാണ് റോഡ്.ഇതുകെട്ടിയടക്കാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് വഴിവച്ചത്.സിപിഎം ലോക്കൽ സെക്രട്ടറി അഡ്വ.ജയചന്ദ്രൻ,കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ഷാജി വാഴക്കാല,ആർ നീലകണ്ഠൻ,റാഷിദ് ഉള്ളംപിള്ളി തുടങ്ങിയവർ നേതൃത്വം നൽകി..