കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയിൽ അവഗണന നേരിടുന്ന കേരളത്തിലെ കായികാദ്ധ്യാപകർ സമരത്തിലേക്ക് നീങ്ങുന്നു. രണ്ടു വർഷം മുൻപ് സർക്കാർ കായികാദ്ധ്യാപകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. എറണാകുളം റവന്യൂ ജില്ലാ സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കാക്കനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ധർണ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു, വിവിധ അദ്ധ്യാപക സംഘടന നേതാക്കൾ എന്നിവർ സംസാരിക്കും. യു.പി., എച്ച്.എസ്. കായികാദ്ധ്യാപക മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക, എച്ച്.എസ്.എസിൽ തസ്തിക അനുവദിച്ച് പ്രമോഷനും നിയമനവും നടത്തുക, എച്ച്.എസ്. നിയമനത്തിൽ എച്ച്.എസ്. ശമ്പളം നൽകുക, ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. സംസ്ഥാനതല ധർണ 27 ന് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തും.