തൃക്കാക്കര: ഫയർഫോഴ്‌സിന് ഇന്നലെ പിടിപ്പതു പണിയുള്ള ദിവസമായിരുന്നു. തൃക്കാക്കരയിൽ മരം വീണ് രണ്ടിടത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
വാഴക്കാല സിവിൽ ലൈൻ റോഡ് പടമുകളിൽ വലിയ മരക്കൊമ്പ് റോഡിലേക്ക് അടർന്നു വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇൻഫോ പാർക്ക് റോഡ് സുരഭി നഗറിനടുത്ത് മരം മറിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണത് മണിക്കൂറുകളോളം വൈദ്യുതി തടസ്സത്തിനും, ഗതാഗതം തടസ്സവും സൃഷ്ടിച്ചു. രണ്ടിടത്തും ഫയർ യൂണിറ്റുകൾ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തൃക്കാക്കര ഭാരത മാതാ കോളേജിൽ സി.സി.ടി.വി.കാമറ കൺട്രോൾ യൂണിറ്റിന് തീപിടിച്ചു. ഫയർ യൂണിറ്റ് എത്തി തീ അണച്ചു. മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ഇന്നലെ രാവിലെ 11 മണിയോടെ പുക ഉയരുന്നത് കണ്ടാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കാക്കനാട് കുടിമുകളിൽ കൊല്ലം കൂടിനഗർ കൊല്ലം പറമ്പിൽ അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടിനുള്ളിൽ രണ്ടര വയസുള്ള കുട്ടി കുടുങ്ങി. റമീഷിന്റെ മകൻ കൃഷ്ണവാണ് വീടിനുള്ളിൽ അകപ്പെട്ടത്.കുട്ടിയെ വീടിനുള്ളിലാക്കി പിതാവ് റമീഷ് പുറത്തിറങ്ങിയപ്പോൾ അറിയാതെ വാതിൽ അടഞ്ഞതാണ് കുട്ടി അകത്താകാൻ കാരണം. വീടിന്റെ പുറകുവശത്തെ വാതിൽ തള്ളി തുറന്നാണ് ഫയർഫോഴ്സ് കുട്ടിയെ രക്ഷപ്പെടുത്തിയത്.തൃക്കാക്കര ഫയർസ്റ്റേഷൻ ഓഫീസർ ജിജിയുടെ നേതൃത്വത്തിൽ ജീവൻ ഐസക്, ഡിക്സൺ മാത്യു, പ്രവീൺ, ഷഫീക്, വിപിൻ, മോഹൻകുമാർ, ഹോം ഗാർഡുകളായ ബിജു ജോർജ്, സുകുമോഹൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.