crime
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നു (ഫയൽചിത്രം).

ആലുവ: 2019 ഫെബ്രുവരി 12. ആലുവ യു.സി കോളേജിന് സമീപം കടൂപ്പാടം വിദ്യാഭവനിലെ സ്വകാര്യ കുളിക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത് അന്നാണ്. പുതപ്പിൽ പൊതിഞ്ഞ് കല്ലിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. വിവരം പൊലീസിനെ അറിയിച്ചു. അന്നുതുടങ്ങിയ അന്വേഷണം അഞ്ചുമാസത്തിൽ എത്തി നിൽക്കുകയാണ്. ഇതുവരെ കൊല്ലപ്പെട്ട യുവതി ആരെന്നുപോലും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല. കൊലയാളികളെക്കുറിച്ചും സൂചനയില്ല. കേസിൽ സമ്മർദ്ദം ചെലുത്താൻ ആരുമില്ലാത്തതിനാൽ പൊലീസ് അന്വേഷണമെല്ലാം ഉപേക്ഷിച്ച മട്ടിലാണ്.

കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളാരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ് ഇതുവരെ. ആ പ്രതീക്ഷയും അസ്തമിച്ചതോടെ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ പൊലീസ് 'റിവേഴ്സ് ഗിയർ' അന്വേഷണംവരെ നടത്തിനോക്കി. കൊലയാളികളെ കണ്ടെത്തി യുവതിയെ തിരിച്ചറിയാൻ വേണ്ടിയായിരുന്നു 'റിവേഴ്സ് ഗിയർ' പരീക്ഷണം. പക്ഷെ അതും ഫലം കണ്ടില്ല.

ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന ഭാഗത്തായിരുന്നു മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ കൊണ്ടുവന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിന്റെ ഭാഗമായി ദേശീയപാതയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. മംഗലപ്പുഴ പാലത്തിന് സമീപത്തെ കാമറകളിലെ ഫെബ്രുവരി ആദ്യവാരം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. നാല് കാറുകളുടെ വിവരങ്ങളും പൊലീസ് തേടി.

crime
സ്വകാര്യ കുളിക്കടവിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടത്തിയ സ്ഥലം.

യുവതിയുടെ കാലുകൾ വളഞ്ഞ നിലയിലായിരുന്നതിനാൽ കാറിന്റെ പിൻസീറ്റിൽ മൃതദേഹം കിടത്തിയെന്നും പൊലീസ് സംശയിച്ചിരുന്നു. മുഖത്തും കീഴ്‌ചുണ്ടിന് താഴെയും മറുകുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഒരു വർഷമായി കാണാതായ സ്ത്രീകളുടെ വിവരങ്ങളും ശേഖരിച്ചു. മൃതദേഹം പൊതിഞ്ഞ പുതപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളമശേരിയിലെ കടയിൽ നിന്ന് ഏഴാം തീയതി രാത്രി തടിച്ച സ്ത്രീയും പുരുഷനും പുതപ്പ് വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ സി.സി ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും തുടരന്വേഷണം വഴിമുട്ടി. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത കരിങ്കല്ലിൽ സിമന്റ് പിടിച്ചിരുന്നു. സമീപത്തെ മതിലിന്റെ കരിങ്കൽ കെട്ടിൽ നിന്നും ഇളക്കിയെടുത്തതാണോയെന്നും സംശയിച്ചിരുന്നു.

മരിച്ച യുവതി മലയാളിയാണോ എന്നുപോലും പൊലീസിന് സ്ഥിരീകരിക്കാനായില്ല. ശരീരപ്രത്യേകതയും വസ്ത്രധാരണ രീതിയും വച്ച് ഇതര സംസ്ഥാനക്കാരിയാണെന്ന സൂചനയുണ്ടായിരുന്നു. കാക്കനാട് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരാണെന്ന സംശയത്തെ തുടർന്ന് ഈ വഴിക്കും അന്വേഷണം നടത്തി. ഇൻഫോ പാർക്കിനകത്തെ കമ്പനികൾ, ഹോസ്റ്റലുകൾ, ഹോം സ്‌റ്റേകൾ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കളമശേരി മെഡിക്കൽ കോളേജിൽ ഡോ.എ.കെ.ഉന്മേഷിന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടി മരിച്ചതാണെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും ഉറപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ സമയം സി.ഐ, എസ്.ഐ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റങ്ങൾ നടന്നതിനാൽ അന്വേഷണം ഇഴഞ്ഞാണ് നീങ്ങിയത്. തിരഞ്ഞെടുപ്പിന് ശേഷം എസ്.പി മുതൽ എസ്.ഐ വരെയുള്ളവരെല്ലാം പുതിയ ആളുകളാണ്. അതിനാൽ ഇനി കേസ് ആദ്യം മുതൽ പഠിക്കേണ്ട അവസ്ഥയിലാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും മൃതദേഹം മാറ്റണമെന്ന ആവശ്യം ആശുപത്രി അധികൃതർ ഉയർത്തിയിട്ടുണ്ട്. അനുകൂലമായ നിലപാടാണ് പൊലീസിനും. പക്ഷേ, അപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്നു.. കൊല്ലപ്പെട്ട യുവതി ആര്? കൊന്നത് എന്തിന്? അതിന് പിന്നിലുള്ളവർ ആരെല്ലാം? കേസ് ഫയൽ പൊലീസ് പൂട്ടിക്കെട്ടിയാൽ തെളിയാത്ത ഒരു കൊലപാതകത്തിന്റെ പട്ടികയിലേക്ക് ഇതും നീണ്ടേക്കാം.