കൊച്ചി: സംസ്ഥാനത്തെ മുതിർന്ന ബാസ്‌കറ്റ്‌ബാൾ താരങ്ങളുടെ കൂട്ടായ്‌മയായ ടീം റീബൗണ്ടിന്റെ നാലാമത് വാർഷിക ആഘോഷം ഇന്നും നാളെയും (13, 14) കടവന്ത്ര റീജിണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും. 40 ന് മുകളിൽ പ്രായമുള്ള പുരുഷതാരങ്ങളും 35 ന് മുകളിൽ പ്രായമുള്ള വനിതാതാരങ്ങളുമടക്കം 300 ലധികം മുൻ താരങ്ങൾ പങ്കെടുക്കും.

ഇന്ന് രാവിലെ 11 ന് ടീം റീബൗണ്ട് പ്രസിഡന്റ് എ. മുഹമ്മദ് ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ശ്രീനിജിൻ ആഘോഷം ഉദ്ഘാടനം ചെയ്യും. മുൻ അന്താരാഷ്ട്രതാരം സുനിൽകുമാർ പാണ്ഡേ മുഖ്യാതിഥിയാകും.

മുൻ താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളും അരങ്ങേറും. 60 വയസിന് മുകളിലുള്ള താരങ്ങൾ അണിനിരക്കുന്ന രണ്ട് ടീമുകൾ, 50ന് മുകളിൽ പ്രായമുള്ളവരുടെ മൂന്ന് ടീമുകൾ, 40ന് മുകളിൽ പ്രായമുള്ളവരുടെ നാല് ടീമുകൾ എന്നിവ പങ്കെടുക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് സമാപന സമ്മേളനത്തിൽ കെ.ബി.എ പ്രസിഡന്റ് പി.ജെ. സണ്ണി അദ്ധ്യക്ഷത വഹിക്കും. ഡോണട്ട് ഫാക്ടറി എം.ഡി മിബു നെറ്റിക്കാടൻ മുഖ്യാതിഥിയാകും. മുൻ അന്താരാഷ്ട്രതാരം സുനിൽകുമാർ പാണ്ഡേ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.