ഒന്നരമാസം നീണ്ടു നിന്ന ക്രിക്കറ്റ് പൂരത്തിന് നാളെ ലോഡ്സിൽ കലാശക്കൊട്ട്. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. ആര് ജയിച്ചാലും ഇംഗ്ലീഷ് ലോകകപ്പിൽ പുതു ചിരിത്രം പിറക്കും. ഇരു ടീമുകളും ഇതുവരെ ലോകകപ്പ് സ്വന്തമാക്കിയിട്ടില്ല. 1996ന് ശേഷമാണ് ലോകകപ്പിന് പുതിയ അവകാശികളെ ലഭിക്കുന്നത്. 1996ൽ ശ്രീലങ്കയാണ് കിരീടം ചൂടിയത്. ശക്തരായ ഓസ്‌ട്രേലിയയെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു ശ്രീലങ്കയുടെ കിരീട ധാരണം. 23 വർഷം പിന്നിടുമ്പോഴാണ് വീണ്ടും ലോകകപ്പിന് പുതിയ അവകാശികളെ ലഭിക്കാൻ പോകുന്നത്. ഇന്ത്യൻ സമയം മൂന്നിനാണ് മത്സരം.
നാലിൽ തിളങ്ങാൻ
ആതിഥേയരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണ്. 1979, 1987, 1992 എന്നീ വർഷങ്ങളിലെ ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, കിരീടം സ്വന്തമാക്കാൻ ഇംഗ്ലീഷ് പോരാളികൾക്ക് സാധിച്ചില്ല.
27 വർഷങ്ങൾക്ക് ശേഷം ഫൈനൽ കളിക്കുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് കളി നടക്കുന്നത് സ്വന്തം നാട്ടിലാകുമ്പോൾ ഇംഗ്ലണ്ടിന് കിരീടം നേടുക എന്നത് ഒരു അഭിമാന പ്രശ്‌നം കൂടിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഇന്ത്യയെയും സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയേയും തോൽപ്പിച്ചത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നു.
രണ്ടാം വരവിൽ മിന്നാൻ
തുടർച്ചയായി രണ്ടാം ഫൈനലിന് തയാറെടുക്കുകയാണ് ന്യൂസിലാൻഡ്. 2015ൽ ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന് തോൽവി സമ്മതിച്ചാണ് ന്യൂസിലാൻഡ് കിരീടം നഷ്ടപ്പെടുത്തിയത്. ഇത്തവണ ഇംഗ്ലണ്ടിനെ വീഴ്ത്തി 2015 ന് പകരം വീട്ടുകയാണ് ന്യൂസിലാൻഡ് ലക്ഷ്യം വയ്ക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും കരുത്തരായ കിവീസ് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. സെമിയിൽ ഇന്ത്യയെ വീഴ്ത്തിയതാണ് കിവീസിന് പ്രതീക്ഷയേകുന്നത്. കരുത്തരായ ബൗളിംഗ് നിരയാണ് ന്യൂസിലാൻഡിന് വജ്രായുധം. ബാറ്റിംഗിൽ നായകൻ വില്യംസണടക്കം താരങ്ങൾ മികച്ച ഫോമിലാണ്.
കിവികളുടെ കെയിൻ
തുടക്കത്തിൽ മിന്നിത്തിളങ്ങിയ കിവീസ് പെടുന്നനെ നിറം മങ്ങി. തുടരെ തുടരെ മൂന്ന് തോൽവി. മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിൽ വരെയെത്തി. ഇംഗ്ലണ്ടിൽ നിന്നും പടിയിറങ്ങേണ്ടി വരുമോയെന്ന് തോന്നിയെങ്കിലും കിവീസിനെ കൈ പിടിച്ചുയർത്തിയത് ക്യാപ്ടൻ കെയിൻ വില്യംസൺ ആണ്. തോൽവി രുചിച്ച മത്സരങ്ങളിൽപോലും പ്രതീക്ഷയോടെ ബാറ്റ് വീശയത് നയകൻ മാത്രം. ടീമിന്റെ ആത്മവിശ്വാസമാണ് ഈ 29കാരൻ. ലോകകപ്പിലെ പത്ത് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ച്വറിയുൾപ്പടെ ഇതുവരെ 548 റൺസ് വില്യംസൺ അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ലോകകപ്പിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനക്കാരൻ കൂടിയാണ് കിവീസ് നായകൻ. ഒരു ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് താരമാണ് കെയിൻ.
വഴി തെറ്റിക്കാത്ത റൂട്ട്
ജാസൺ റോയി, ഓയിൻ മോർഗൻ, ജോണി ബ്രിസ്‌റ്റോ.. വെടിക്കെട്ട് താരങ്ങളാൽ സമ്പന്നമാണ് ഇംഗ്ലീഷ് പട. എങ്കിലും ശ്രദ്ധേയ കേന്ദ്രം 30കാരനായ ജോ റൂട്ടിൽ തന്നെയാണ്. മികച്ച ഫോമിൽ തുടരുകയാണ് ഈ വൺ ഡൗൺ ബാറ്റ്സ്മാൻ. റൂട്ടിന്റെ കൃത്യതയൊത്ത ബാറ്റിംഗ് ഫൈനലിൽ തുണയ്ക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും അർദ്ധശതകം നേടിയ ഈ ലോകകപ്പിലെ ഏക ബാറ്റ്‌സ്മാനാണ് റൂട്ട്. പത്ത് മത്സരങ്ങളിലായി താരം അടിച്ചെടുത്തത് 549 റൺസാണ്. ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് റൂട്ട്.
ലീഗ് ഘട്ടത്തിൽ ഇന്ത്യയെ വീഴ്ത്തിയതാണ് സെമിയിൽ ആത്മവിശ്വാസം നൽകുന്നത്. കപ്പ് നേടാനുള്ള സുവർണാവസരം കൂടിയാണിത്.
ഓയിൻ മോർഗൻ
ഇംഗ്ലണ്ട് ക്യാപ്ടൻ
ഫൈനലിൽ ഞാൻ പ്രതീക്ഷിക്കുന്നത്, ഇന്ത്യൻ ആരാധകരിൽ നിന്നുള്ള പിന്തുണ ലഭിക്കുമെന്ന് തന്നെയാണ്.
കെയിൻ വില്യംസൺ
ന്യൂസിലാൻഡ് ക്യാപ്ടൻ