കൊച്ചി: കേരളത്തിന്റെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച മന്നത്ത് പത്മനാഭന്റെ പൂർണകായ പ്രതിമ ഇടപ്പള്ളിക്ക് പ്രഭയേകും. ഇടപ്പള്ളി പള്ളിക്ക് സമീപത്തെ മന്നം സ്ക്വയറിൽ നാളെയാണ് പ്രതിമ അനാച്ഛാദനം.
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗമാണ് സമുദായാചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നത്. സ്ഥലം ഇടപ്പള്ളിയിലെ പരേതനായ പി.പി.എൻ പിള്ള 1978ൽ ഇതിനായി കരയോഗത്തിന് സംഭാവന ചെയ്തതാണ്. പ്രശസ്തമായ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാലസ് റോഡിനെതിരെ ഇടപ്പള്ളി മാർക്കറ്റിലേക്കും എം.എ.ജെ ആശുപത്രിയിലേക്കും പോകുന്ന ദേശീയപാതയോരത്തെ ജംഗ്ഷനിലാണ് മന്നത്ത് പത്മനാഭന്റെ പ്രൗഢഗംഭീരമായ പ്രതിമ തലയുയർത്തി നിൽക്കുക.
ഞായർ രാവിലെ 11ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിക്കും. തുടർന്ന് ദേവൻകുളങ്ങര എൻ.എസ്.എസ് ഹാളിൽ സമ്മേളനം ചേരും. കരയോഗം പ്രസിഡന്റ് അഡ്വ. ടി.എസ്. മായ അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, കൗൺസിലർ കെ.എ. വിജയകുമാർ, അഡ്വ.ശങ്കരരാജ എന്നിവർ സംസാരിക്കും. കരയോഗം സെക്രട്ടറി ഇൻ ചാർജ് വി.കെ.അരവിന്ദാക്ഷക്കുറുപ്പ് സ്വാഗതവും ട്രഷറർ ആർ.വിജയമോഹനൻ നായർ നന്ദിയും പറയും.
പൂർണകായ വെങ്കല പ്രതിമ
ജയ്‌പൂർ രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ ശില്പകലാദ്ധ്യാപകൻ പ്രൊഫ. തോമസ് ജോൺ കോവൂരാണ് മന്നം പ്രതിമയുടെ ശില്പി. ജയ്പൂരിലായിരുന്നു നിർമ്മാണം. ഒമ്പതര അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാൻ 900 കിലോ വെങ്കലം ഉപയോഗിച്ചു. പൂർണതയിലെത്താൻ നാല് മാസവും വേണ്ടിവന്നു. 13.5 ലക്ഷം രൂപ ചെലവായി. തിരുവല്ല സ്വദേശിയായ പ്രൊഫ. തോമസ്ജോൺ കോവൂർ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ പഠനം കഴിഞ്ഞാണ് ഉത്തരേന്ത്യയിലേക്ക് ഉപരിപഠനത്തിന് പോയത്. വട്ടിയൂർക്കാവിലെ സ്വാതന്ത്ര്യസമര സ്മാരകം, വൈക്കം ഗാന്ധി മ്യൂസിയത്തിന് മുന്നിലെ ഗാന്ധി പ്രതിമ, കണ്ണൂരിലെ നായനാർ പ്രതിമ എന്നിവയാണ് കേരളത്തിലുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ.