കൊച്ചി: ഇട്ടിരുന്ന ജുബ്ബ പൊക്കി ഇതുകൂടി അങ്ങ് പരിശോധിക്കൂ എന്നും പറഞ്ഞു നിന്ന മദ്ധ്യവയസ്‌കനെ നോക്കി മെട്രോ പൊലീസുകാരൻ ഒന്നു പുഞ്ചിരിച്ചു. കടന്നു പോകാൻ പറഞ്ഞിട്ടും ജുബ്ബ പൊക്കിയായിരുന്നു നിൽപ്പ്. പിന്നീട് പിറുപിറുത്തുകൊണ്ട് നടന്നു നീങ്ങി. പൊലീസുകാർ ഒരു നടപടിയുമെടുത്തില്ല. എന്നാൽ, മണിക്കൂറുകൾക്കകം ഫേസ്‌ബുക്കിൽ സന്തോഷ് താന്നിക്കാടിന്റെ കുറിപ്പു വന്നു. പൊലീസുകാരനെ അവഹേളിച്ച അതേ ഭാഷയിൽ. ഇതോടെ വിട്ടുകൊടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചു.അടുത്ത ദിവസം സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ ആലുവ സ്വദേശിയായ സന്തോഷിനെ അറസ്‌റ്റ് ചെയ്‌തു. പോസ്‌റ്റും ഡിലീറ്റ് ചെയ്യിപ്പിച്ചു. പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കലൂർ മെട്രോ സ്‌റ്റേഷനിൽ ജൂലായ് അഞ്ചിനായിരുന്നു സംഭവം. പരിശോധനയുടെ ഭാഗമായി സ്‌കാനറിലൂടെ സന്തോഷ് കയറിയിറങ്ങി. ഇതിനു ശേഷമാണ് പൊലീസുകാരൻ പതിവുപോലെ മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയത്. ഇതോടെ പൊട്ടിത്തെറിച്ച സന്തോഷ് ജുബ്ബ പൊക്കി നിന്നു.' ഇതിനകത്ത് ബോംബോ, റിവോൾവറോ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിളിച്ചു പറഞ്ഞു. പറയാൻ പറ്റാത്ത അശ്ളീല വാക്കുകളും പ്രയോഗിച്ചുവെന്ന് പൊലീസ് ഭാഷ്യം. ഫേസ്ബുക്കിൽ കൊച്ചി മെട്രോയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ കുറിപ്പ് വന്നതോടെ കഥമാറി. സി.സി.ടി.വി പരിശോധിച്ചപ്പോൾ സന്തോഷ് തുണി പൊക്കി നിൽക്കുന്ന ദൃശ്യം വ്യക്തം. ഇതോടെ ഇയാളെ വിളിച്ചു വരുത്തി അറസ്‌റ്റു ചെയ്യുകയായിരുന്നു. മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന ഐ.ടി. ആക്‌ടിലെ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചെറുകിട വ്യവസായിയാണ് സന്തോഷ്.