pressclub
എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ മിസ് കേരള ഫിറ്റ്നസ് ജിനി ഗോപാൽ, യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പായ ഇറാസ്മസ് മുണ്ടൂസ് നേടിയ ഉത്തര ഗീത എന്നിവരെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലീ ആദരിക്കുന്നു. ടി. വിനയ് കുമാർ, യു.എസ്., കുട്ടി, സുഗതൻ പി ബാലൻ, സ്മിത കൃഷ്ണൻ എന്നിവർ സമീപം.

കൊച്ചി : പെൺകുട്ടികളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരണമെന്നും പെൺകുട്ടികൾ മാതൃകയാകാൻ ശ്രമിക്കണമെന്നും ഡെപ്യുട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലി പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ കേരള ഘടകവും (പി.ആർ.സി.ഐ) ചേർന്ന് സംഘടിപ്പിച്ച മകൾ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പെൺകുട്ടിയായതിനാൽ ഒന്നും സാദ്ധ്യമല്ലെന്ന ധാരണ തിരുത്തപ്പെടണമെന്നും അവർ പറഞ്ഞു.

സ്വപ്രയത്നത്തിലൂടെ വിജയം കൈവരിച്ച യുവസംരംഭകയും മിസ് കേരള ഫിറ്റ്നസ് ടൈറ്റിൽ ജേതാവുമായ ജിനി ഗോപാൽ, യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പായ ഇറാസ്മസ് മുണ്ടൂസ് നേടിയ ഏക ഇന്ത്യൻ വിദ്യാർത്ഥിനി ഉത്തര ഗീത എന്നിവരെ ഡെപ്യുട്ടി കമ്മിഷണർ ആദരിച്ചു. പി.ആർ.സി.ഐ കേരള ഘടകം ചെയർമാൻ യു.എസ്. കുട്ടി അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.ടി. വിനയ്‌കുമാർ ആമുഖ പ്രസംഗം നടത്തി. പ്രസ്‌ ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, ആക്ടിംഗ് പ്രസിഡന്റ് അരുൺ ചന്ദ്രബോസ്, ജോയിന്റ് സെക്രട്ടറി എൻ. സ്മിത എന്നിവർ സംസാരിച്ചു.