മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 21ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ആശുപത്രി അങ്കണത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപ്, നഗരസഭ കൗൺസിലർമാർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെന്ററിൽ ആറ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരണ്ണം എമർജൻസി കെയർ യൂണിറ്റിനായി മാറ്റിവയ്ക്കും. ഒരേ സമയം അഞ്ച് പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടർ, 3 ടെക്‌നിഷ്യൻമാർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുൾപ്പെടെ 10 ജീവനക്കാരാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്.