# അപ്രോച്ച് റോഡ് പണി നീളുന്നു

പള്ളുരുത്തി: കണ്ണങ്ങാട്ട് - ഐലന്റ് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ കലുങ്ക് നിർമ്മാണം പൂർത്തിയായി തുറന്നുകൊടുത്തു. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ഇവിടെ അപകടം പതിവായി.

കലുങ്കിന്റെ രണ്ട് ഭാഗത്തെ റോഡും മഴ മൂലം ചെളിപ്പരുവത്തിലാണ്. ഇതുവഴി വരുന്നവരിൽ ടൂവീലർ യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്.

കണ്ണങ്ങാട് പാലം തുറന്നെങ്കിലും ഇടുങ്ങിയ കലുങ്കായതിനാൽ വലിയ വാഹനങ്ങൾക്ക് പാലത്തിലേക്കെത്താൻ കഴിയാത്ത അവസ്ഥയാണ്. ഏറെ നാളത്തെ മുറവിളിയെ തുടർന്നാണ് കലുങ്ക് പണി ആരംഭിച്ചത്. റോഡ് നിർമ്മാണം കൂടികഴിഞ്ഞിട്ട് കലുങ്ക് വാഹനയാത്രക്കാർക്ക് തുറന്ന് കൊടുത്താൽ മതിയെന്നായിരുന്നു ഇപ്പോൾ നാട്ടുകാർ പറയുന്നത്. ഇതു വഴിയാത്ര ചെയ്താൽ വാഹനങ്ങളുടെ സ്പെയർ പാർട്സുകളും മറ്റു മാറേണ്ട സ്ഥിതിയാണെന്ന് വാഹനയാത്രക്കാരും പറയുന്നു.

ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കൊച്ചി തുറമുഖത്തേക്കും എറണാകുളത്തേക്കും പോകാനുള്ള എളുപ്പവഴിയാണ് കണ്ണങ്ങാട്ടുപാലം.