കൊച്ചി: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് സംബന്ധിച്ച് കേന്ദ്ര മാനവശേഷി വികസന വകുപ്പുമന്ത്രി രമേശ് പൊഖ്റിയാലിന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനൊപ്പമാണ് ഡൽഹിയിലെ ഓഫീസിൽ നിവേദനം സമർപ്പിച്ചത്.
സി.ബി.എസ്.ഇ സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ നിലവാരം വർദ്ധിപ്പിക്കാൻ പരിശീലനം നൽകുന്നതിനെക്കുറിച്ച് ശുപാർശകളും സമർപ്പിച്ചു. സ്കൂളുകളുടെ അംഗീകാരം, പരീക്ഷകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അഫിലിയേഷൻ തടസങ്ങൾ, പ്രവേശന പരീക്ഷകൾ, മോഡറേഷൻ, പാഠ്യേതര വിഷയങ്ങൾ തുടങ്ങിയവയിൽ വിവിധ ബോർഡുകളിൽ നിന്നുള്ള വിവേചനം തുടങ്ങിവ വിഷയങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, ദേശീയ സമിതി അംഗം അശുതോഷ് ത്രിപാഠി, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.