1
അസ്മ നൗഷാദ്

തൃക്കാക്കര : തൃക്കാക്കര നഗരസഭാ കൗൺസിലർക്ക് ആശാവർക്കറാകാൻ മോഹം. അഭിമുഖത്തിൽ സ്വയം മാർക്ക് നൽകിയത് പത്തിൽ പത്ത്.

നഗരസഭയിലെ 43 വാർഡുകളിൽ ഒഴിവുള്ള 24 എണ്ണത്തിലേക്കായിരുന്നു ഇന്നലെ കൗൺസിൽ ഹാളിൽ ഇന്റർവ്യൂ. അതിനിടെ അപ്രതീക്ഷിതമായാണ് വനിതാ കൗൺസിലർ കടന്നുവന്നത്. സ്വന്തം വാർഡിലെ ഒഴിവിലേക്ക് ഇന്റർവ്യൂ ബോർഡിൽ ഇരുന്ന് മാർക്ക് ഇടേണ്ടയാൾ തന്നെ ഉദ്യോഗാർത്ഥിയുമായി. അങ്ങിനെയാണ് സ്വയം ഫുൾ മാർക്കും ഇട്ടത്. മുൻപരിചയമുള്ള മറ്റ് ഉദ്യോഗാർത്ഥികൾക്ക് അഞ്ചും ആറും നൽകിയതോടെ സംഗതി വിവാദമായി. ഫയൽ ഇപ്പോൾ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും മുമ്പിലാണ്.

മുസ്ളീം ലീഗ് കൗൺസിലർ അസ്മ നൗഷാദാണ് കഥാനായിക. ഇതേ വാർഡിലെ ഷെജീന അനൂപും സെലീന അബുബക്കറും ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. സെലീന കുടുംബശ്രീ എ .ഡി.എസ് സെക്രട്ടറിയാണ്. ഇരുവർക്കും വിവിധ സർവേകളിലും മറ്റ് പങ്കെടുത്ത പരിചയവുമുണ്ട്.

നഗരസഭ ഭരണം എൽ.ഡി.എഫിനാണെങ്കിലും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ഭരിക്കുന്നത് ലീഗാണ്. മറ്റൊരു കൗൺസിലർ നിഷ ബീവി ആശാവർക്കറായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കൗൺസിലർ ആയതോടെ ഓണറേറിയം അടക്കം വേണ്ടെന്ന് വച്ചിരുന്നു.

 ഇന്റർവ്യൂ ബോർഡ്

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷബ്‌ന മെഹർ അലി, മെഡിക്കൽ ഓഫീസർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, വാർഡ് കൗൺസിലർ

 ആകെ മാർക്ക് 40

ഇന്റർവ്യൂ ബോർഡംഗങ്ങൾക്ക് 10 മാർക്ക് വീതം ആകെ മാർക്ക് 40.