കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ വസ്തുവില്പനയെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് അനുവാദമില്ലെന്ന മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ നിലപാട് വെല്ലുവിളിയാണെന്ന് അതിരൂപതാ സുതാര്യതാ സമിതി പ്രസ്താവിച്ചു.

വസ്തുവില്പനയ്ക്കെതിരെ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ സമിതി നൽകിയ ഹർജിയിൽ കർദ്ദിനാൾ നൽകിയ സത്യവാങ്മൂലത്തിലാണ് വിശ്വാസികൾക്ക് അനുവാദമില്ലെന്ന് പറയുന്നത്. കടം വീട്ടുന്നതിന് കാക്കനാട്ട് പതിനൊന്നര ഏക്കർ സ്ഥലം വിറ്റഴിച്ചു. വീണ്ടും സ്ഥലം വിൽക്കാനുള്ള ശ്രമം എന്തു വിലകൊടുത്തും തടയും.

കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റിലായ ആദിത്യയെ പൊലീസ് മർദ്ദിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടത്തുന്ന ഏകദിന സമരത്തിന് സമിതി പിന്തുണ നൽകുമെന്ന് പ്രസിഡന്റ് മാത്യു കാരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നവർ അറിയിച്ചു.