jasna

കൊച്ചി: കോളേജ് വിദ്യാർത്ഥിനിയായ എഴുപുന്ന 12-ാം വാർഡ് എരമല്ലുർ കാട്ടിത്തറ വീട്ടിൽ ജെസ്‌ന ജോൺസൺ (20) അരൂർ - കുമ്പളം പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. കലൂരിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ടെക്നിക്കൽ കോളജിലെ സിവിൽ ഡ്രാഫ്റ്റസ്മാൻ കോഴ്സ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
ഏഴരയോടെ വീട്ടിൽ നിന്നും കോളേജിലേക്ക് തിരിച്ച പെൺകുട്ടി കുമ്പളത്ത് ബസിറങ്ങി പാലത്തിലെത്തി പുസ്തകങ്ങളടങ്ങിയ ബാഗും തിരിച്ചറിയൽ കാർഡും മാറ്റിവച്ച് കായലിലേക്ക് ചാടുകയായിരുന്നു. വാഹനയാത്രികർ സംഭവം കണ്ടതോടെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഏതാനും സമയം അരൂർ -കുമ്പളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.പൊലീസും ഫയർഫോഴ്‌സും മത്സ്യതൊഴിലാളികളും നടത്തിയ തെരച്ചിലിൽ റെയിൽവേ പാലത്തിനടിയിൽ നിന്നും മൂന്നു മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ജോൺസണും ഷൈനിയുമാണ് മാതാപിതാക്കൾ. ജിൻസൺ ഏകസഹോദരൻ.