ഇടപ്പള്ളി: കായംകുളം താപവൈദ്യുതി നിലയത്തിൽ കെ.എസ്.ഇ.ബിക്ക് താത്പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ എൻ.എസ്.പിള്ള പറഞ്ഞു. കായംകുളം നിലയത്തെ ഒരിക്കലും അവഗണിക്കില്ല. പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാലും കൂടിയ വിലയ്ക്ക് വാങ്ങാനാവാത്തതാണ് കെ.എസ്.ഇ.ബി നേരിടുന്ന പ്രശ്‌നം.
യൂണിറ്റിന് അഞ്ചുമുതൽ അഞ്ചര രൂപവരെ നിരക്കിൽ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി കിട്ടും. കായംകുളത്തെ നിർദിഷ്‌ട നിരക്ക് യൂണിറ്റിന് ഏകദേശം എട്ട് രൂപയാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി കുറഞ്ഞ നിരക്കിൽ വില്ക്കാനാവില്ല. അതുകൊണ്ട്, ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തിയിട്ടുമില്ല.
പ്രകൃതി വാതകത്തിന്റെ വില ഇപ്പോൾ കുറഞ്ഞതിനാൽ പദ്ധതി വീണ്ടും പരിഗണിക്കാമെന്നാണ് അഭിപ്രായം. ജലസേചന പദ്ധതികളെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല. കായംകുളത്ത് നാഫ്തയ്ക്ക് പകരം പ്രകൃതി വാതകം ഇന്ധനമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങൾ വൈദ്യുതി ലഭ്യതയെയും ബാധിക്കുന്നു. കേരളത്തിൽ മൊത്തം ഉപഭോഗത്തിന്റെ 88 ശതമാനവും ഇപ്പോൾ പുറത്തുനിന്നാണെന്നും എൻ.എസ്.പിള്ള പറഞ്ഞു.