ആലുവ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആലുവ നിള സംഗീത കോളേജ് രജത ജൂബിലി ആഘോഷം ഇന്നാരംഭിക്കുമെന്ന് ഡയറക്ടർ ടി.ഡി. അനിൽകുമാർ, പ്രിൻസിപ്പൽ എം.പി. ദിവാകരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീളുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കും.

വൈകിട്ട് നാലിന് ആലുവ അർബൻ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന ആഘോഷം ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. നിള രക്ഷാധികാരി അരുൺ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കഥകളി കലാകാരൻ സദനം ഹരികുമാർ മുഖ്യാതിഥിയാകും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, കൗൺസിലർ വി. ചന്ദ്രൻ, ഡോ. അനസ്, സിനിമ താരം സാജു കൊടിയൻ, പിന്നണി ഗായിക ദലീമ എന്നിവർ സംസാരിക്കും. കലാപരിപാടികൾ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ ഉദ്ഘാടനം ചെയ്യും.

1994ൽ ഗീതാഞ്ജലി എന്ന പേരിൽ നൊച്ചിമയിൽ തുടങ്ങിയ നിളയ്ക്ക് കേരള സംഗീത നാടക അക്കാദമി, ദേശീയ കലാസാംസ്കാരിക പഠന കേന്ദ്രം, ലണ്ടൻ ട്രിനിറ്റി കോളേജ് എന്നിവയുടെ അംഗീകാരമുണ്ട്.

ആഘോഷ കമ്മിറ്റി കൺവീനർ ആർ.കെ. കൃഷ്ണകുമാർ, ലിജി ഷിബു, ശ്രീനിത മഹേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.