പറവൂർ : പറവൂർ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റും പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ എം.ജെ. രാജുവിന്റെ വീടുനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയിൽ രാജുവിന്റെ വൃന്ദാവൻ റോഡിലുള്ള വീടിന്റെ ജനൽ കല്ലെറിഞ്ഞ് തകർത്തു. രാത്രി ഒരു മണിയോടെ ശബ്ദം കേട്ട രാജു കണ്ടെയ്നർ ലോറി പോയപ്പോൾ ഉണ്ടായ ശബ്ദമാണെന്ന് സംശയിച്ചു. രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്. പറവൂർ പൊലീസിനെ സ്ഥലത്തെത്തി പരിശോധന നടത്തി. പറവൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐ പറവൂർ നഗരസഭ കൗൺസിലർ സുനിൽ സുകുമാരൻ നോമിനേഷൻ നൽകിയിരുന്നു. സുനിൽ സുകുമാരൻ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ അംഗമായിരിക്കെ എടുത്ത വായ്പയും ജാമ്യവും നിന്ന രേഖകൾ യു.ഡി.എഫ് പുറത്തു വിട്ടിരുന്നു. ഇതുയായി ബന്ധപ്പെട്ട പ്രതികാരമാണ് കല്ലേറെന്ന് എം.ജെ. രാജു ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അനു വട്ടത്തറ, ഡെന്നി തോമസ്, പ്രമോദ് ബി. മേനോൻ, ടോബി മാമ്പിള്ളി, എം.എച്ച്. ഹരിഷ്, പി.വി. ഏലിയാസ്, അജിത ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി. അക്രമികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.