ആലുവ: തോട്ടുമുഖം കീരംകുന്നിൽ വീടുകളുടെ സിറ്റൗട്ടിലും മുറ്റത്തും രക്തം കണ്ടെത്തിയത് തെരുവുനായകളുടെ മുറിവുകളിൽ നിന്നായിരിക്കുമെന്ന് പൊലീസ്. എന്നാൽ ഇന്നലെയും പരിക്കേറ്റ പട്ടികളെയോ മറ്റ് മൃഗങ്ങളെയോ കണ്ടെത്താൻ കഴിയാത്തതിനാൽ ജനങ്ങളിലെ ആശങ്ക മാറിയിട്ടില്ല.
കാൽപ്പാടുകൾ പട്ടിയുടേതാണെന്ന് പൊലീസ് പറയുന്നത്. ഒരു കാലിൽ നിന്നും രക്തം വാർന്നതാകാനുള്ള സാധ്യതയുണ്ട്. രക്തസാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി കാക്കനാട് ഗവ. ലാബിന് കൈമാറിയതായി ആലുവ പ്രിൻസിപ്പൽ എസ്.ഐ ജി. അരുൺ പറഞ്ഞു.
രക്തത്തുള്ളികൾ കണ്ടെത്തിയ വീടുകളുടെ സമീപത്ത് നിന്നും മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിലെ ദുരൂഹതയും നീക്കാനായിട്ടില്ല. ലാബിൽ നിന്നുള്ള റിസൽട്ട് ലഭിച്ച ശേഷം തുടരന്വേഷണം മതിയെന്ന നിലപാടിലാണ് പൊലീസ്.